ശതമാനംവരെയുള്ള പൊള്ളലിന് ചികിത്സ

ഗാന്ധിനഗർ : പൊള്ളൽ ചികിത്സയിലെ ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ട് കോട്ടയം മെഡിക്കൽ കോളേജിൽ അത്യാധുനിക ചികിത്സാ കേന്ദ്രം തയ്യാറാകുന്നു. എൺപതു ശതമാനം പൊള്ളലേറ്റവരെ ഇവിടെ ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കും. പ്രവർത്തനസജ്ജമാകുമ്പോൾ കേരളത്തിലെ മികച്ച ചികിത്സാ കേന്ദ്രമാകുമെന്ന് പൊള്ളൽ ചികിത്സാ കേന്ദ്രത്തിന്റെ നോഡൽ ഓഫീസർ ആർ.എം.ഒ. ഡോ. ആർ.പി.രഞ്ജിൻ പറഞ്ഞു.

അത്യാഹിത വിഭാഗത്തിന്റെ അഞ്ചാംനിലയിലാണ് പൊള്ളൽ ചികിത്സാകേന്ദ്രം തയ്യാറാകുന്നത്. അഞ്ച് കിടക്കകളുള്ള തീവ്രപരിചരണ വിഭാഗം, ജനറൽ വാർഡ്, പരിശോധനാ മുറി, ശസ്ത്രക്രിയാ മുറി, വെന്റിലേറ്ററുകൾ, ആധുനിക ശുചിമുറി എന്നിവയടങ്ങിയ സംവിധാനങ്ങളാണ് സജ്ജമാവുന്നത്. പൊള്ളലേറ്റ് എത്തുന്ന രോഗിയെ ആദ്യം ജനറൽവാർഡിലെ പരിശോധനാമുറിയിൽ എത്തിക്കുന്നു. ഇവിടെ പൊള്ളലിന്റെ തീവ്രത പഠിച്ച് ബന്ധപ്പെട്ട വിഭാഗത്തിലേക്ക് മാറ്റുന്നു. തിവ്രപരിചരണ വിഭാഗത്തിലും വാർഡിലുമുള്ള ആധുനിക ശുചിമുറിയിൽ രോഗിയുടെ ദേഹത്ത് തൊടാതെ ശുചിയാക്കാനുള്ള സംവിധാനമുണ്ട്.

ചർമം മാറ്റിവെയ്ക്കലും പൊള്ളലേറ്റ അവയവഭാഗങ്ങൾ മാറ്റിവെയ്ക്കലും ചെയ്യാനുള്ള ആധുനിക സംവിധാനങ്ങളുള്ള ശസ്ത്രക്രിയാ മുറിയാണ് സജ്ജമാവുന്നത്. നിലവിലെ സൗകര്യങ്ങളിൽ 40 ശതമാനത്തിനുമുകളിൽ പൊള്ളലേറ്റവർക്ക് ആധുനിക ചികിത്സ നൽകാൻ അധികാരികൾ ബുദ്ധിമുട്ടുകയാണ്. പ്രത്യേക വിഭാഗം വരുന്നതോടെ പൂർണ അണുവിമുക്തമായ സാഹചര്യമുണ്ടാകും. ചർമം സൂക്ഷിച്ചുവെയ്ക്കാനുള്ള ത്വക്ക് ബാങ്ക്, രക്ത ബാങ്ക്, അവയവ നിർമാണ സംവിധാനം എന്നിവകൂടി ഭാവിയിലെത്തുന്നതോടെ ചികിത്സ മെച്ചമാകും.