കുറവിലങ്ങാട് : എം.സി.റോഡ് വികസനസമയത്ത് കെ.എസ്.ടി.പി. കരാർ നൽകി സ്ഥാപിച്ച സൂര്യറാന്തലുകളുടെ അറ്റകുറ്റപ്പണിക്ക് നടപടിയായി. ആദ്യപടിയായി ഇവയുടെ സർവേ തുടങ്ങി. ഏറ്റുമാനൂർമുതൽ മുവാറ്റുപുഴവരെയുള്ള ഭാഗത്തെ സർവേയാണ് തുടങ്ങിയത്.

അറ്റകുറ്റപ്പണി നടത്തുക അനർട്ട്

അനർട്ടാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. അനർട്ടിന് കീഴിലുള്ള റിന്യൂവബിൾ എനർജി പ്രൊമോഷൻ ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് സർവേ ചുമതല. 2500 ലൈറ്റുകളുടെ സർവേയാണ് നടത്തുന്നത്. 2017-ൽ സ്ഥാപിച്ച വിളക്കുകൾ 2018-ൽതന്നെ തകരാറിലായിത്തുടങ്ങി. കൂടാതെ, വാഹനങ്ങളിടിച്ചു തകർത്തവ വേറെയും.

അറുനൂറിലധികം വിളക്കുകൾ

പട്ടിത്താനംമുതൽ മൂവാറ്റുപുഴവരെയുള്ള മേഖലയിൽ അറുന്നൂറിലധികം വിളക്കുകൾ സ്ഥാപിച്ചിരുന്നു. നിലവിൽ വഴിവിളക്കുകളില്ലാത്ത സ്ഥലങ്ങൾക്ക് മുഖ്യപരിഗണന നൽകിയായിരുന്നു കെ.എസ്.ടി.പി. സൗരോർജ വിളക്കുകൾ സ്ഥാപിച്ചത്. ഇതിനായി പ്രാദേശിക ഭരണകൂടങ്ങളുമായും ജനപ്രതിനിധികളുമായും ചർച്ച നടത്തിയിരുന്നു. മുപ്പതുമീറ്റർ അകലത്തിലായിരുന്നു വിളക്കുകൾ. ഒരു പകൽസമയത്തെ സൗരോർജം കൊണ്ട് തുടർച്ചയായി മുപ്പത്തിയാറ് മണിക്കൂർ പ്രകാശിപ്പിക്കാനുള്ള സംഭരണശേഷി ഓരോ സോളാർ വിളക്കുകൾക്കുമുണ്ടെന്ന് കെ.എസ്.ടി.പി. അന്ന് അവകാശപ്പെട്ടിരുന്നു. മാത്രമല്ല രാവിലെ സൂര്യപ്രകാശം പതിക്കുന്നതോടെ ഇവ സ്വയം കെടുമെന്നതും നേട്ടമായി കെ.എസ്.ടി.പി. കണ്ടിരുന്നു.

പട്ടിത്താനംമുതൽ പുതുവേലി ചോരക്കുഴിവരെയാണ് ആദ്യഘട്ടത്തിൽ സോളാർ വിളക്കുകൾ സ്ഥാപിച്ചത്. രണ്ടാംഘട്ടമായിട്ടാണ് മൂവാറ്റുപുഴവരെ സ്ഥാപിച്ചത്. കെ.എസ്.ടി.പി. കരാറുകാരായ എൻ.എ.പി.സി.യാണ് ഇവ സ്ഥാപിച്ചത്. ബാറ്ററി മാറ്റും

നിലവിൽ പഴയ ബാറ്ററികളായ ലെഡ് ആസിഡ് ഇനത്തിലുള്ളവയാണ്. ഇത് മാറ്റി ലിഥിയം അയൺ ബാറ്ററികൾ സ്ഥാപിക്കും. വാഹനാപകടത്തിലടക്കം തകർന്ന തൂണുകളും മാറ്റി സ്ഥാപിക്കും. ഈ മാസം 30-നകം സർവേ നടപടികൾ പൂർത്തിയാക്കും.

ബിനു കുര്യൻ,

ഊർജമിത്ര സംരംഭകൻ (പിറവം), റപ്‌കോസ് ഓൾ കേരള സൊസൈറ്റി പ്രസിഡന്റ്