വൈക്കം : കുഞ്ഞിന് ശ്വസിക്കാൻ ഓക്സിജൻ വേണമെന്ന അമ്മയുടെ വിലാപംകേട്ട ആർട്ട് ഓഫ് ലിവിങ് പ്രവർത്തകർ നൽകിയത് ഒരിക്കലും ഓക്‌സിജൻ മുടങ്ങാത്ത ഉപകരണം. ഓക്‌സിജൻ കോൺസൻട്രേറ്റർ. അരയ്ക്ക് താഴെ തളർന്ന്, മറ്റൊരാളുടെ സഹായം കൂടാതെ ചലിക്കാൻ കഴിയാത്ത 14 വയസ്സുള്ള മകൾ രാജേശ്വരിക്ക്‌ അനായാസം ശ്വസിക്കാൻ ഓക്‌സിജൻ കോൺസൻട്രേറ്റർ കിട്ടുമോയെന്ന അമ്മ ചന്ദ്രികയുടെ സങ്കടം അറിഞ്ഞാണ് ആർട്ട് ഓഫ് ലിവിങ് പ്രവർത്തകരെത്തിയത്.

തലയാഴം ഏഴാം വാർഡിലെ പള്ളിയാട് പുത്തൻവീട്ടിൽ ഈ സഹായവുമായി ആർട്ട് ഓഫ് ലിവിങ് പ്രവർത്തകർ എത്തിയതാകട്ടെ ‘മാതൃഭൂമി’യിലെ വാർത്ത വായിച്ചിട്ടും. പുതിയ ഇപകരണം വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്നതാണ്. വൈദ്യുതി പോയാലും ഓക്‌സിജൻ മുടക്കം വരാതെ ഉപയോഗിക്കാൻ ഇൻവെർട്ടറും നൽകിയിട്ടുണ്ട്.

ശ്രീശ്രീ രവിശങ്കറുടെ സേവനപ്രവർത്തനങ്ങൾ അർഹമായ കൈകളിലെത്തിക്കുകയാണ് ആർട്ട് ഓഫ് ലിവിങ് പ്രവർത്തകർ ചെയ്യുന്നതെന്ന് ജില്ലാ പ്രസിഡന്റ് ഋജുരാമൻ, ജില്ലാ സെക്രട്ടറി വിഷ്ണു എന്നിവർ പറഞ്ഞു. ആർട്ട് ഓഫ് ലിവിങ് പ്രവർത്തക രാധാ രാജഗോപാലാണ് ഇൻവെർട്ടർ നൽകിയത്. വൈക്കം താലൂക്ക് കോ-ഓർഡിനേറ്റർ രജിത്ത് ദാസൻ, രജനി പ്രസാദ് എന്നിവർ ചേർന്നാണ് ഓക്സിജൻ ഉപകരണം തലയാഴം ഏഴാം വാർഡിലെ പള്ളിയാട് പുത്തൻവീട്ടിലെത്തിച്ചത്.

പഞ്ചായത്ത് പ്രസിഡന്റ് ബിനുമോൻ, മധു, ബിയോയി എന്നിവർ പങ്കെടുത്തു. രാജേശ്വരിയുടെ അച്ഛൻ സത്യനേശൻ ഡ്രൈവറാണ്. ഒരു സഹോദരനുമുണ്ട്. ജനമൈത്രി സമിതി ഇവർക്ക് സാധാരണ ഓക്‌സിജൻ സിലിൻഡർ നൽകിയിട്ടുണ്ട്.