കോട്ടയം : വീടില്ലാത്തവർക്ക് വീടും ഭൂമിയില്ലാത്തവർക്ക് ഭൂമിയും ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ജില്ലാതല പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ ചുമതലയേറ്റ് നൂറുദിവസത്തിനുള്ളിൽ 13,500 പേർക്ക് പട്ടയം നൽകി.

പട്ടയം ലഭിച്ചവർ ക്രയവിക്രയം ചെയ്യുന്നത് ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. ആനിക്കാട് പാറയ്ക്കൽ തെയ്യാമ്മ ബേബിക്ക് പട്ടയം നൽകിയാണ് വിതരണോദ്ഘാടനം മന്ത്രി നിർവഹിച്ചത്. ജില്ലയിൽ 74 കുടുംബങ്ങൾക്കാണ് പട്ടയം ലഭിച്ചത്. കോട്ടയം 20, കാഞ്ഞിരപ്പള്ളി 12, ചങ്ങനാശ്ശേരി 14, വൈക്കം 15, മീനച്ചിൽ 13 എന്നിങ്ങനെയാണ് താലൂക്കുകളിൽ നൽകിയ പട്ടയം. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു.

തോമസ് ചാഴികാടൻ എം.പി., ജില്ലാ കളക്ടർ പി.കെ.ജയശ്രീ, കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, സബ്കളക്ടർ രാജീവ് കുമാർ ചൗധരി, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജിനു പുന്നൂസ്, ഡെപ്യൂട്ടി കളക്ടർ സോളി ആന്റണി എന്നിവർ പ്രസംഗിച്ചു. കോവിഡ് മാനദണ്ഡംപാലിച്ച് പട്ടയം വാങ്ങാനെത്തിയവർക്കു മാത്രമായിരുന്നു പ്രവേശനം.

കാഞ്ഞിരപ്പള്ളി

താലൂക്കുതല പട്ടയമേള മുണ്ടക്കയം ഗ്രാമപ്പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് ഉദ്ഘാടനംചെയ്തു.

കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ പൂതോളിക്കൽ ആന്റണി വർക്കിക്ക് ആദ്യപട്ടയം നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. അധ്യക്ഷത വഹിച്ചു.

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, മുണ്ടക്കയം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ പി.ആർ.അനുപമ, ശുഭേഷ് സുധാകരൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിലീഷ് ദിവാകരൻ, ബ്ലോക്ക് പഞ്ചായത്തംഗം ജോഷി മംഗലത്ത്, മുണ്ടക്കയം ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ സി.വി.അനിൽകുമാർ, തഹസീൽദാർമാരായ ബിനു സെബാസ്റ്റ്യൻ, സിബി ജേക്കബ്‌ എന്നിവർ പ്രസംഗിച്ചു.

ചങ്ങനാശ്ശേരി

താലൂക്കുതല പട്ടയമേള ജോബ് മൈക്കിൾ എം.എൽ.എ. ഉദ്ഘാടനംചെയ്ത് പട്ടയം വിതരണംചെയ്തു. നഗരസഭാധ്യക്ഷ സന്ധ്യാ മനോജ് അധ്യക്ഷത വഹിച്ചു. ബീനാ ജോബി തൂമ്പുങ്കൽ, തഹസിൽദാർ ജോർജ് കുര്യൻ, ഭൂരേഖ തഹസിൽദാർ പി.ഡി.മനോഹരൻ എന്നിവർ പ്രസംഗിച്ചു.

വൈക്കം

താലൂക്കുതല പട്ടയമേള സി.കെ.ആശ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. തഹസിൽദാർ കെ.കെ.ബിനി, ഭൂരേഖ തഹസിൽദാർ പി.സജി എന്നിവർ പങ്കെടുത്തു.

മീനച്ചിൽ

താലൂക്കുതല പട്ടയമേള മോൻസ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മാണി സി.കാപ്പൻ എം.എൽ.എ. അധ്യക്ഷനായി.

മോൻസ് ജോസഫ് എം.എൽ.എ. പട്ടയവിതരണം നിർവഹിച്ചു. പാലാ നഗരസഭാധ്യക്ഷൻ ആന്റോ ജോസ് പടിഞ്ഞാറേക്കര, ആർ.ഡി.ഒ. അനിൽ ഉമ്മൻ, തഹസിൽദാർമാരായ പി.കെ.രമേശൻ, എസ്.ശ്രീജിത്ത്, ഡെപ്യൂട്ടി തഹസിൽദാർ എ.എസ്.ബിജിമോൾ എന്നിവർ പ്രസംഗിച്ചു.

ജില്ലാ പട്ടയമേള

സ്വപ്നസാഫല്യം...