പൂഞ്ഞാർ : അറുപതുവർഷത്തെ കാത്തിരിപ്പിനു ശേഷം ഭൂമി സ്വന്തമായ സന്തോഷത്തിലാണ് എൺപത്തൊന്നുകാരിയായ കമലമ്മ. സംസ്ഥാന സർക്കാരിന്റ നൂറുദിന കർമപരിപാടിയോടനുബന്ധിച്ച് മീനച്ചിൽ താലൂക്കിൽ നടന്ന പട്ടയമേളയിലാണ് പൂഞ്ഞാർ നടുഭാഗം വില്ലേജിൽ വഴിക്കടവ് വലിയ മുറ്റത്തുവീട്ടിൽ കമലമ്മയുടെ 50 സെന്റ് ഭൂമിക്ക് പട്ടയം ലഭിച്ചത്. ഭർത്താവ് മരിയദാസ് 21 വർഷം മുമ്പ് മരിച്ചു. താമസിച്ചിരുന്ന 50 സെന്റ് പുരയിടത്തിൽ കൃഷി ചെയ്തും കൂലിപ്പണിയെടുത്തുമാണ് കമലമ്മ ജീവിക്കുന്നത്. പട്ടയം ലഭിക്കാത്തതിനാൽ സർക്കാരിന്റെ ഭവനനിർമാണ പദ്ധതികൾക്കായി അപേക്ഷിക്കാൻ ഇവർക്ക് കഴിഞ്ഞിരുന്നില്ല. ഇനി അതിനുകഴിയുമെന്ന പ്രതീക്ഷയിലാണ് കമലമ്മ. മരിക്കുന്നതിന് മുമ്പ് സ്വന്തം പേരിൽ കിടപ്പാടം വേണമെന്ന ആഗ്രഹം സംസ്ഥാന സർക്കാരിന്റെ പട്ടയമേളയിലൂടെ സാധിച്ചതായി പട്ടയരേഖയുമായി വീട്ടിലേക്ക് മടങ്ങുമ്പോൾ പുഞ്ചിരിയോടെ കമലമ്മ പറഞ്ഞു. മകൾ ഗ്ലോറിയക്കൊപ്പമാണ് ഇപ്പോൾ താമസം. സർക്കാരിന്റെ വാർധക്യ പെൻഷനാണ് കമലമ്മയുടെ ഏക ആശ്രയം.