ചങ്ങനാശ്ശേരി : പെരുന്ന രണ്ടാം നമ്പർ ബസ് സ്റ്റാൻഡിലെ ‘മൂത്രപ്പുര’ അടച്ചിട്ട് ആറുമാസം. നഗരസഭയുടെ വക ശൗചാലയം സ്വകാര്യ വ്യക്തിക്ക് ലേലംചെയ്തു കൊടുത്തിരുന്നതിന്റെ കാലാവധി 2021 മാർച്ചിൽ അവസാനിച്ചിരുന്നു. കോവിഡുമൂലം പിന്നീട് ലേലംകൊള്ളാൻ ആരും മുന്നോട്ടു വരാതായതിനെത്തുടർന്ന് ഏപ്രിൽ മുതൽ ശൗചാലയം അടച്ചുപൂട്ടി.

അടച്ചുപൂട്ടിയ ‘മൂത്രപ്പുര’യുടെ പടിയിൽനിന്നാണ് യാത്രക്കാരും ബസ് ജീവനക്കാരും ഇപ്പോൾ മൂത്രമൊഴിക്കുന്നത്. ഇവിടെ തൊട്ടടുത്ത് ഒരു കിണറുണ്ട്. ആ കിണറ്റിലെ വെള്ളമാണ് സമീപവാസികൾ ഉപയോഗിക്കുന്നത്. കൂടാതെ ഈ പ്രദേശം മുഴുവൻ മാലിന്യം കുന്നുകൂടിയ നിലയിലുമാണ്.

വനിതാ ജീവനക്കാരുടെ കാര്യം ഏറെ കഷ്ടമാണ്. എ.സി.റോഡിലെ പണികൾ നടക്കുന്നതുമൂലം ആലപ്പുഴയിലേക്കുള്ള ബസുകൾ പൊങ്ങ വരെയേ പോകാറുള്ളൂ. പൊങ്ങയിലും ശൗചാലയമില്ലാത്തത് വനിതാ ജീവനക്കാർക്ക്‌ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.

പെരുന്ന സ്റ്റാൻഡിനുള്ളിലെ മുനിസിപ്പാലിറ്റി വക കെട്ടിടത്തിന്റെ രണ്ടാംനിലയിൽ ഒരു ശൗചാലയം ഉണ്ടെങ്കിലും അത്രയുംനേരം ബസുകൾക്ക് കാത്തുകിടക്കാൻ സമയം കിട്ടാറില്ല. ആലപ്പുഴ ഭാഗത്തേക്ക് ഇവിടെനിന്ന്‌ കെ.എസ്.ആർ.ടി.സി.ക്ക് 22 ഷെഡ്യൂളുകളാണുള്ളത്.