ചേനപ്പാടി : രാജവംശങ്ങളുടെ അധികാര കൈമാറ്റങ്ങൾക്കിടയിലും ചൈതന്യ ലോപമില്ലാതെ നൂറ്റാണ്ടുകളായി ഭക്തരുടെ ആശ്രയമായ ക്ഷേത്രസങ്കേതം. ചേനപ്പാടി കിഴക്കേക്കര ഭഗവതിക്ഷേത്രത്തിന് തെക്കുംകൂർ, ഇടപ്പള്ളി, തിരുവിതാംകൂർ തുടങ്ങി അധികാരസ്ഥാനങ്ങളുടെ ചരിത്രത്തിനൊപ്പം ഇടമുണ്ട്. ചേനപ്പാടി എൻ.എസ്.എസ്.കരയോഗത്തിന്റെ ചുമതലയിലുള്ള ക്ഷേത്രം തെക്കുംകൂർ രാജഭരണകാലത്ത് മറ്റയ്ക്കാട്ട് പണിക്കർ എന്ന ഇടപ്രഭുവിന്റെ ചുമതലയിലായിരുന്നു. പിൽക്കാലത്ത് ഈ പ്രദേശം തെക്കുംകൂറിൽ നിന്ന് ഇടപ്പള്ളി സ്വരൂപത്തിന്റെ അധീനതയിലായി. മാർത്താണ്ഡവർമ തിരുവിതാംകൂർ രാജ്യം വിസ്തൃതമാക്കിയപ്പോൾ ഇടപ്പള്ളി സ്വരൂപത്തിന്റെ പ്രതാപകാലം കഴിഞ്ഞു. ഇക്കാലത്ത് ക്ഷേത്രാധികാരം കൊങ്ങൂർപ്പള്ളി മനയക്കായി.

1896-ൽ കൊങ്ങൂർപ്പള്ളി മന പിൻവാങ്ങിയപ്പോൾ മറ്റയ്ക്കാട്ട് പണിക്കർക്കുതന്നെയായി ക്ഷേത്രച്ചുമതല. അവരിൽനിന്നാണ് ചേനപ്പാടി കരയോഗത്തിന്റേതായി ക്ഷേത്രസങ്കേതം കൈമാറിക്കിട്ടിയത്.

ക്ഷേത്രത്തിന് പിന്നിലെ മലയിൽ മറ്റയ്ക്കാട്ട് കളരി ഇപ്പോഴുമുണ്ട്. അതോടുചേർന്ന് അമ്പും വില്ലുമേന്തിയ അയ്യപ്പനെ പ്രതിഷ്ഠിച്ച ക്ഷേത്രവും. കളരിയിൽ ചക്രേശ്വരി, യക്ഷി, ശരഭം, ദുർഗ, ഗന്ധർവൻ തുടങ്ങിയ ദേവതകളെ ഒരേപീഠത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. 18 സർപ്പസ്ഥാനങ്ങൾ ഉള്ള രണ്ടുകാവും കിഴക്കേക്കര ക്ഷേത്രത്തിന്റെ ഭാഗമായുണ്ട്.

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നൂറ്റാണ്ടുകളായി പാളത്തൈര് സമർപ്പിക്കുന്ന പുണ്യവുമുള്ള ഗ്രാമത്തിൽ ഇപ്പോഴും തൈര് സമർപ്പണ ഘോഷയാത്രയുടെ തുടക്കം കിഴക്കേക്കര ക്ഷേത്രത്തിൽ നിന്നാണ്. ഇവിടെ നടത്തിയ ദേവപ്രശ്‌നത്തെ തുടർന്നാണ് ഇടക്കാലത്ത് മുടങ്ങിപ്പോയ ആചാരം പുനരാരംഭിച്ചത്.

മീനപ്പൂരം ഉത്സവമായി ആഘോഷിക്കുന്ന ക്ഷേത്രത്തിൽ നവരാത്രിയും പ്രധാനമാണ്. വിദ്യാരംഭത്തിനും സവിശേഷ പ്രാധാന്യമുണ്ടിവിടെ. ഫോൺ-9400642020.

താലിസമർപ്പണവും നെയ്‌വിളക്കും പ്രധാനം

ദേവിക്ക് കടുംപായസം, താലിസമർപ്പണം, നെയ്‌വിളക്ക് എന്നിവ പ്രധാനവഴിപാടാണ്. അയ്യപ്പന് നീരാജനം, സർപ്പസ്ഥാനത്ത് നൂറുംപാലും എന്നിവയും പ്രധാനമാണ്.