കുറവിലങ്ങാട് : ജൈവ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ യുവജനങ്ങൾ ജൈവ സംരക്ഷണ പ്രവർത്തനങ്ങൾ നടത്തി.

ഇലയ്ക്കാട് തേരകത്തുംകുഴി തോടിന്റെ നീരൊഴുക്ക് തടസ്സംമാറ്റി, തോട് ശുചീകരിച്ചു. ആദ്യഘട്ടം പൂർത്തിയായി. തോട്ടിറമ്പ് സംരക്ഷണത്തിന്റെ ഭാഗമായി ജാപ്പനീസ് മഞ്ഞ മുള നട്ടുപിടിപ്പിച്ചു.

പാടശേഖരത്തോടുചേർന്ന തോട്ടിറമ്പിൽ വിശ്രമബെഞ്ചുകളൊരുക്കി സായാഹ്ന വിശ്രമകേന്ദ്രവും തയ്യാറാക്കി.പത്ത്‌ ചെറുപ്പക്കാരാണ് മാതൃകാപ്രവർത്തനം നടത്തിയത്.

ജെറിൻ ജോർജ്, എബിൻ മാണി, എം.കെ.വിജയൻ, സിബി തോമസ്, അനൂപ് സോമൻ, ഷൈജു പാവുത്തിയേൽ, ബിബിൻമാണി, ജോർജ് തോമസ് തുടങ്ങിയവർ പങ്കെടുത്തു.

കുമ്മണ്ണൂർ-കൂടല്ലൂർ വഴി തകർന്നു

കിടങ്ങൂർ : കുമ്മണ്ണൂർ-കൂടല്ലൂർ റോഡ് തകർന്നു, യാത്ര ദുഷ്കരം. കുമ്മണ്ണൂരിൽനിന്നുള്ള റോഡ് നിറയെ കുണ്ടും കുഴിയുമാണ്. ടാറിങ് നടത്തിയിട്ട് ആറ് വർഷമായി. അതിനിടയിൽ ചില അറ്റുകറ്റപ്പണികൾ മാത്രം നടത്തി. റോഡിന്റെ ഇരുവശവും ഓടകളില്ലാത്തതിനാൽ റോഡിലൂടെയാണ് വെള്ളമൊഴുകുന്നത്. റോഡിൽ മണൽ പരന്നുകിടക്കുന്നതുമൂലം ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപെടുന്നു.

പാലാ-ഏറ്റുമാനൂർ ഹൈവേയിൽനിന്ന് കുറവിലങ്ങാട്, മരങ്ങാട്ടുപള്ളി, കടപ്ലാമാറ്റം, വയലാ എന്നിവടങ്ങളിലേക്കുള്ള എളുപ്പവഴി ആയതിനാൽ നിരവധി വാഹനങ്ങളാണ് ഇതിലെ സഞ്ചരിക്കുന്നത്.

കുറവിലങ്ങാട്ടുനിന്ന് മെഡിസിറ്റിയിലേക്കുള്ള എളുപ്പവഴിയും ഇതുതന്നെ.