വൈക്കം : നഗരസഭയുടെ കീഴിൽ 36 ഏക്കർവരുന്ന നാറാണത്ത് ബ്ലോക്കിൽ നെൽക്കൃഷി നടത്താൻ കന്നുകാലികൾ തടസ്സമാകുന്നതായി പരാതി. വൈക്കം നഗരസഭയിലെ ഏക പാടശേഖരമായ ഇവിടെ നഗരസഭ ലക്ഷങ്ങൾ ചെലവഴിച്ച് കൃഷിചെയ്യാൻ യോഗ്യമാക്കിയിരുന്നു.

കർഷകർ കൃഷിചെയ്യാനൊരുങ്ങിയെങ്കിലും പോത്തുകളെയും കന്നുകാലികളെയും കൃഷിയിടത്തിൽ കെട്ടിയിടുന്നതുമൂലം പലഭാഗങ്ങളും വലിയ കുഴികളായി. ഇതുമൂലം കൃഷിയിറക്കാൻ മാർഗമില്ലാതെ കർഷകർ വിഷമിക്കുകയാണെന്ന് നാറാണത്ത് ബ്ലോക്ക് പാടശേഖര ഉത്പാദകസമിതി വൈക്കം നഗരസഭയ്ക്കും പോലീസധികൃതർക്കും കൊടുത്ത പരാതിയിൽ പറയുന്നു.

പാടശേഖരത്തിൽ ചെലവഴിച്ച ലക്ഷങ്ങൾ പാഴാകുമെന്ന ആശങ്കയിലാണ് കർഷകരെന്ന് പാടശേഖരസമിതി പരാതിപ്പെട്ടു. പാടശേഖരത്ത് കന്നുകാലികളെ ഇറക്കരുതെന്നുകാണിച്ച് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. കൃഷിപ്പണികൾ തുടർന്ന് നടക്കണമെങ്കിൽ കന്നുകാലികളെ അഴിച്ചുവിടുന്നത് തടയണമെന്ന് പാടശേഖരസമിതി ആവശ്യപ്പെട്ടു.