കോട്ടയം: ജീനാ അനൂപ് ഫോട്ടോഗ്രാഫി പരിശീലിച്ചിട്ടില്ല. ബിസിനസിൽ മാസ്റ്റർ ബിരുദം നേടിയശേഷം ജോലിയായി. മുപ്പത്തിയെട്ട് വയസ്സിനിടെ ക്യാമറയിൽ ഒരു ചിത്രംപോലും എടുത്തിട്ടില്ല. എങ്കിലും കോവിഡ് കാലത്ത് ഫോട്ടോഗ്രാഫറെന്ന് അവകാശപ്പെടാൻ യോഗ്യതയുള്ള ഒരുകൂട്ടം ഫ്രെയിമുകൾ സ്വന്തമാക്കിക്കഴിഞ്ഞു. അതും രണ്ട് മാസത്തിനുള്ളിൽ. കൂടുതലും പക്ഷികളുടെ ചിത്രങ്ങൾ. കോവിഡ് കാലത്ത് അടുക്കളയുടെ നിഴലിലും വീടിന്റെ ടെറസിലുമിരുന്ന് ക്യാമറയുടെ ക്യാൻവാസിലേക്ക് പക്ഷികളെ പകർത്തിയെഴുതിയ വിശേഷണവും ഒരു പക്ഷേ പാലാ കരിപ്പുകാട്ടിൽ ജീനാ അനൂപിനാകും. ഇതിനോടകം 47-തരം അപൂർവ ഇനം പക്ഷികളുടെ ചിത്രങ്ങൾ എടുത്തു.

ആർക്കിടെക്ടായ ഭർത്താവ് അനൂപ് ദേവസ്യയ്ക്കൊപ്പം ബെംഗളൂരുവിൽ താമസിക്കുമ്പോഴേ പക്ഷികളെ നിരീക്ഷിച്ചിരുന്നു. ഫ്ളാറ്റിലെ എട്ടാംനിലയിൽ കൂട്ടമായി പറന്നുപോകുന്ന തത്തകളെക്കുറിച്ച് പറഞ്ഞപ്പോൾ പലരും പറഞ്ഞു. വെറുതെ തോന്നിയതാകും. അവസാനം ക്യാമറയിൽ പകർത്തി ബോധ്യപ്പെടുത്തി. ലോക് ഡൗൺ കാലത്ത് പാലായിൽ എത്തിയ നാളുകളിലാണ് പക്ഷിനിരീക്ഷണം ഗൗരവമാക്കിയത്. സ്മാർട്ട് ഫോണിന്റെ െഫ്രയിമിലാക്കുന്നതിലെ കൃത്യതകണ്ട് ഭർത്താവ് വിവാഹവാർഷികദിനത്തിൽ ഒരപൂർവ സമ്മാനം നൽകി. ഡി.എസ്.എൽ.ആർ. ക്യാമറ. അന്നാണ് അത്തരം ഒരു ക്യാമറയിൽ ചിത്രമെടുക്കുന്നത്.

ആദ്യം പതിഞ്ഞത് ഒരു കാക്ക. കാക്കയെ നിരീക്ഷിക്കുമ്പോഴാണ് ഒരു കാര്യം മനസ്സിലാക്കിയത്. നല്ല അധ്വാനിയും പ്രണയിനികളും. പല കാക്കകളും രാവിലെ മുഴുവൻ തീറ്റിയും കൂടും സംഘടിപ്പിക്കുന്ന തിരക്കിൽ. സന്ധ്യയോടെ ഇവർ കൂട്ടമായി ഇരിക്കുന്നു. മുഖത്തോട് മുഖം ചേർക്കുന്നു. കണ്ടാൽ സംസാരിക്കും പോലെ. ഈ ലോക്ഡൗണിൽ ഇടുക്കിയിലെ ഉദയഗിരിയിലെ സ്വന്തം വീട്ടിലേക്ക് പോകുമ്പോഴും ക്യാമറ കരുതി. അവിടത്തെ അടുക്കളയോട് ചേർന്നുള്ള മൾബെറിയിൽ നിറയെ കായ്കൾ പഴുത്തപ്പോൾ മണിക്കൂറുകളോളം ജീന കാത്തിരുന്നു. നാഗമോഹൻ, മരപ്പൊട്ടൻ, കാട്ടോഞ്ഞാലി, റോസ് റിങ്ഡ് പാരക്കിറ്റ് എന്ന മോതിരത്തത്ത അടക്കം പല അപൂർവ പക്ഷികളും ജീനയുടെ െഫ്രയിമിലേക്ക് പകർത്തപ്പെട്ടു.

ശരീരത്തിന്റെ മുകളിൽ പച്ചനിറവും താഴെ തവിട്ട് നിറമുള്ള ഒരു പക്ഷിയുടെ ചിത്രം പലരേയും കാണിച്ചിട്ടും പേര് കിട്ടിയില്ല. അവസാനം എ.എം. നസീറിന് അയച്ചു. അദ്ദേഹം പറഞ്ഞു. അപൂർവമായ പക്ഷി. മരതകപ്രാവ്. കേരളത്തിൽ ഉണ്ടോയെന്ന് തന്നെ സംശയം. ശേഷം ഇൻസ്റ്റഗ്രാം പോലെയുള്ള സാമൂഹികമാധ്യമങ്ങളിൽ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്തു. അതോെട പ്രശസ്ത പക്ഷി നിരീക്ഷകരിൽ ചിലർ ജീനയെ വിളിച്ചു.

മക്കളുടെ ഓൺലൈൻ പഠനംപോലെ പക്ഷികളുടെ ഫോട്ടോഗ്രാഫിയെക്കുറിച്ച് കൂടുതൽ പഠിക്കുകയാണ് ജീനയിപ്പോൾ. കോവിഡ് കാലം കഴിഞ്ഞ് ഏതെങ്കിലും വനങ്ങളിൽ പോയി പക്ഷികളെ പകർത്തണം. അത് തന്നെ ആശ. മക്കൾ: ദേവ് അനൂപ്, എസ്തർ.