ആവേശത്തിരയിൽ...കോട്ടയം : ഒൻപതുമാസം നീണ്ട ഇടവേളയ്ക്കുശേഷം ‘മാസ്റ്റർ’ എത്തി. ആരാധകരെ ആവേശക്കൊടുമുടിയിലേക്കുയർത്തി തിയേറ്ററുകളിൽ ആരവംതീർത്തായിരുന്നു വിജയ്‌ചിത്രമായ മാസ്റ്ററിന്റെ ‘മാസ് എൻട്രി’.
പ്രിയനടന്റെ ചിത്രം ആഘോഷമാക്കാൻ ആരാധകർ തടിച്ചുകൂടിയതോടെ പലയിടത്തും സാമൂഹിക അകലം കാറ്റിൽപ്പറന്നു.
രാവിലെ ഒൻപതുമുതൽ രാത്രി ഒൻപതുവരെ മൂന്ന് പ്രദർശനമായിരുന്നു മിക്ക തിയേറ്ററുകളിലും. ജില്ലയിൽ ഇരുപതിലധികം തിയേറ്ററിലാണ് മാസ്റ്റർ ബുധനാഴ്ച പ്രദർശിപ്പിച്ചത്. വിജയ് ആരാധകർ ടിക്കറ്റുകൾ ബുക്കുചെയ്തിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒന്നിടവിട്ട ഇരിപ്പിടങ്ങളാണ് പ്രേക്ഷകർക്കായി ഒരുക്കിയത്.