രാമപുരം : സംസ്ഥാനപാതയിൽ കോടികൾ മുടക്കി സ്ഥാപിച്ച സോളാർ ലൈറ്റുകൾ നശിക്കുന്നു.
പൊൻകുന്നം-പാലാ-തൊടുപുഴ റോഡിൽ സ്ഥാപിച്ചിരുന്ന ആയിരക്കണക്കിന് സോളാർ ലൈറ്റുകളാണ് സംരക്ഷിക്കാൻ ഏജൻസിയെ നിയമിക്കാനുള്ള നടപടികൾ വൈകുന്നതിനാൽ ഒന്നൊന്നായി നശിച്ചുകൊണ്ടിരിക്കുന്നത്.
വാഹനങ്ങളിടിച്ച് സോളാർ തൂണുകൾ പലതും തകർന്നു. തൂണുകൾ തകരുമ്പോൾ വാഹന ഉടമകളിൽനിന്ന് വിവിധ പോലീസ് സ്റ്റേഷനുകളിലായി ലക്ഷക്കണക്കിന് രൂപ നഷ്ടപരിഹാരം വാങ്ങിയിട്ടുണ്ടെങ്കിലും മൂന്നു വർഷത്തിനിടയിൽ തകർന്ന ഒന്നുപോലും പുനഃസ്ഥാപിച്ചില്ല.
പൊൻകുന്നം-പാലാ-തൊടുപുഴ റോഡരുകിൽ നിരവധി സോളാർ വിളക്കുകളാണ് അപകടകരമായതരത്തിൽ കിടക്കുന്നത്. നഷ്ടപരിഹാരം കിട്ടിയിട്ടും ലൈറ്റുകൾ പുനഃസ്ഥാപിക്കാൻ അധികാരികൾ തയ്യാറാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
ഇങ്ങനെ ഇടിച്ച് റോഡിന്റെ സൈഡിൽ വീഴുന്ന സോളാർ ലൈറ്റിലെ ബാറ്ററിയും മറ്റ് ഭാഗങ്ങളും മോഷണംപോവുന്നുണ്ട്.
സംസ്ഥാനത്തുതന്നെ ആദ്യമായാണ് പരീക്ഷണാടിസ്ഥാനത്തിൽ സംസ്ഥാനപാതയിലുടനീളം സോളാർ ലൈറ്റുകൾ സ്ഥാപിച്ചത്.