വൈക്കം : സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ യജ്ഞവുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇതുവരെ നടന്ന പ്രവർത്തനങ്ങൾ തൃപ്തികരമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ യജ്ഞവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് വൈക്കം താലൂക്ക് ഓഫീസിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ.
അർഹരായ എല്ലാ അപേക്ഷകർക്കും വോട്ടവകാശം ലഭ്യമാക്കുന്നതിന് ജാഗ്രത പുലർത്തണം. പരാതികളിൽ വിശദാന്വേഷണം നടത്തണം. അന്തിമ വോട്ടർപട്ടിക ജനുവരി 20-ന് പ്രസിദ്ധീകരിക്കും. പക്ഷേ, ഡിസംബർ 31-നുള്ളിൽ അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്ക് ഇനിയും അപേക്ഷ നൽകാം. ഇങ്ങനെ അപേക്ഷിക്കുന്നവരുടെ പട്ടിക പ്രത്യേകമായി പ്രസിദ്ധീകരിക്കുന്നതിന് നടപടി സ്വീകരിക്കും. വോട്ടർപട്ടികയിൽ ഉൾപ്പെടുന്ന മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, ശാരീരിക അവശതയുള്ളവർ എന്നിവരുടെ താലൂക്കുതല പട്ടിക തയ്യാറാക്കണം. ഇവർക്കും തിരഞ്ഞെടുപ്പുസമയത്ത് കോവിഡ് ചികിത്സയിലും ക്വാറൻറീനിലും കഴിയുന്നവർക്കും സ്‌പെഷ്യൽ തപാൽ ബാലറ്റ് ഏർപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈക്കം താലൂക്ക് ഓഫീസിൽ ചേർന്ന യോഗത്തിൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ എം.അഞ്ജന അധ്യക്ഷത വഹിച്ചു. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ജിയോ ടി.മനോജ്, തഹസിൽദാർ ബിനി ജ്യോതിസ് തുടങ്ങിയവർ പങ്കെടുത്തു.