ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി ബൈപ്പാസ് റോഡിൽ ളായിക്കാട് ഭാഗത്ത് വഴിയോരത്ത് നട്ടിരിക്കുന്ന നാട്ടുമാവുകൾ സംരക്ഷിക്കണമെന്ന് ആവശ്യം.
ഇവയെ സംരക്ഷിച്ച് ബൈപ്പാസ് നവീകരണം നടത്തണമെന്നാണ് ആവശ്യമുയർന്നത്.
2015-ൽ ചങ്ങനാശ്ശേരി എസ്.ബി.കോളേജ് എൻ.സി.സി.ആർമി വിങ്, കോട്ടയം സോഷ്യൽഫോറസ്ട്രി, നേച്ചർ സൊസൈറ്റി എന്നിവ ചേർന്ന് ഗാന്ധിജയന്തി ദിനത്തിലാണ് ബൈപ്പാസ് റോഡരികിൽ 100 നാട്ടുമാവിൻ തൈകൾ നട്ടത്.
ഇപ്പോൾ ആറ് നാട്ടുമാവുകളാണ് ഇവിടെ വളർന്നുനിൽക്കുന്നത്. ബൈപ്പാസ് നവീകരണം ഈ ഭാഗത്തേക്ക് എത്തുമ്പോൾ മാവ് സംരക്ഷിച്ചുകൊണ്ടാവണം നടപ്പാത നിർമാണം. ആറുവർഷമായി എസ്.ബി. കോളേജ് എൻ.സി.സി. ആർമി വിങ്ങിന്റെ നേതൃത്വത്തിലാണ് മാവുകൾ സംരക്ഷിക്കുന്നത്. നിലവിൽ നടപ്പാതയും സംരക്ഷണവേലിയും നിർമിക്കുന്ന ഭാഗത്ത് ഓരോമീറ്റർ അകലത്തിൽ കോൺക്രീറ്റ് റിങ് നിർമിച്ചു നൽകുകയാണെങ്കിൽ സംരക്ഷണം ഏറ്റെടുക്കാൻ എസ്.ബി. കോളേജ് എൻ.സി.സി. വിങ് ഒരുക്കമാണ്.