കുളങ്ങരാമറ്റം : വളർത്തുനായ കുറുകെ ചാടിയതിനെത്തുടർന്ന് ഓട്ടോ അപകടത്തിൽപ്പെട്ട് മരിച്ച വനിതാ ഡ്രൈവർ വിജയമ്മയ്ക്ക് നാടിന്റെ കണ്ണീരിൽ കുതിർന്ന വിട. അപകടം നടന്നതിന് സമീപത്തെ വീട്ടിൽനിന്ന് തെരുവിലേക്ക് ആടുകളെ തീറ്റാൻ വിടുന്നത് ഉൾപ്പെടെ ചൂണ്ടിക്കാട്ടി ഉഴവൂരിലെ ഓട്ടോറിക്ഷ തൊഴിലാളികൾ പ്രതിഷേധവും നടത്തി.
ചൊവ്വാഴ്ച രാവിലെ അതിഥിതൊഴിലാളികളുമായി പോയ ഓട്ടോറിക്ഷയിലെ വനിതാ ഡ്രൈവർ കരുനെച്ചി ശങ്കരാശേരിൽ വീട്ടിൽ വിജയമ്മയുടെ ജീവനെടുത്ത അപകടത്തിനിടയാക്കിയത് തെരുവിൽ വിഹരിച്ച വളർത്തുനായ ആയിരുന്നു. വീട്ടുവളപ്പിൽ ബന്ധിക്കാതെ തെരുവിലേക്ക് വളർത്തുനായ്ക്കളെ തുറന്നുവിടുന്നവരുടെ വീടുകളിലേക്കും ഓട്ടോതൊഴിലാളികളെത്തി.
അറുപതിനടുത്ത് ആടുകളെയാണ് പ്രദേശത്തെ ഒരു വീട്ടിൽ വളർത്തുന്നതെന്നും അഴിച്ചുവിട്ട് വളർത്തുന്നതിനാൽ ഇവ മിക്കപ്പോഴും കവലയിലേക്ക് ഇറങ്ങിവരുന്നെന്നും തൊഴിലാളികൾ ആരോപിച്ചു.
നിയന്ത്രിക്കാൻ നടപടി വേണം
തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ നടപടി വേണമെന്ന് പ്രതിഷേധത്തിനെത്തിയ ഓട്ടോറിക്ഷാ തൊഴിലാളികൾ പറഞ്ഞു. വളർത്തുനായ്ക്കളെയും ആട്, കന്നുകാലി അടക്കമുള്ള വളർത്തുമൃഗങ്ങളെയും തെരുവിൽ അലയാൻ വിടുന്നതും തീറ്റയ്ക്കായി കെട്ടുന്നതും തടയണം. ഇത്തരക്കാരുടെ പേരിൽ ബന്ധപ്പെട്ടവർ നടപടിയെടുക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു. തൊഴിലാളികൾ ഓട്ടോറിക്ഷയുമായെത്തിയാണ് പ്രതിഷേധിച്ചത്. സുധിക്കുട്ടൻ ഉഴവൂർ, പി.വി.ജിജിമോൻ, എം.എസ്.സോമൻ, കെ.ബി.ജയരാജ്, അഭിലാഷ് ഫിലിപ്പ്, കെ.എസ്.ശശി തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. രാമപുരത്തുനിന്ന് പോലീസ് സംഘവും എത്തിയിരുന്നു.
കണ്ണീരിൽകുതിർന്ന വിട
വിജയമ്മയ്ക്ക് സഹപ്രവർത്തകരായ ഓട്ടോറിക്ഷാ തൊഴിലാളികളും നാടുംചേർന്ന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾക്കുശേഷം വിജയമ്മയുടെ ചേതനയറ്റ ശരീരം കുര്യനാട്ടുനിന്ന് ഓട്ടോറിക്ഷകൾ നിരന്ന വിലാപയാത്രയായാണ് ഉഴവൂരിലെ വീട്ടിലേക്ക് കൊണ്ടുവന്നത്. ഉഴവൂർ ടൗണിൽ ആംബുലൻസ് നിർത്തി അന്ത്യയാത്രാമൊഴിയേകാൻ സൗകര്യം ചെയ്തു.
ഞങ്ങളെയും ജീവിക്കാൻ അനുവദിക്കൂ
മാർഗതടസ്സമായി വളർത്തുമൃഗങ്ങളെ കണ്ട് ഉടമകളോട് പരാതിപ്പെട്ടാൽ പലപ്പോഴും പ്രതികരണം മോശവും, മറുപടി അസഭ്യവും ആകും. നായ്ക്കളെ വളർത്തുന്നവർ വീട്ടുവളപ്പിൽ ബന്ധിക്കണം.
അപകടത്തിൽ മരിച്ച വിജയമ്മയും ഞാനും മാത്രമാണ് ഉഴവൂരിലെ വനിതാ ഓട്ടോറിക്ഷാ ഡ്രൈവർമാർ. ഞങ്ങൾ ഒന്നിച്ച് ഒരേ പദ്ധതിയിലൂടെ ഓട്ടോറിക്ഷാ ഡ്രൈവർമാരായി ഉഴവൂരിൽ എത്തിയവരാണ്. വിജയമ്മ വളരെ ശ്രദ്ധിച്ച് വാഹനം ഓടിച്ചിരുന്ന ആളായിരുന്നു.
രമാ ശ്രീധരൻ, കുന്നപ്പിള്ളിയേൽ, ഉഴവൂർ ടൗണിലെ ഓട്ടോറിക്ഷാ തൊഴിലാളി.