കോട്ടയം: സ്ഥലമേറ്റെടുപ്പിന്റെ പ്രശ്നങ്ങൾ, പണിതുടങ്ങാൻ വൈകുകയും പിന്നീട് ഫണ്ട് മതിയാകാതെ വരുകയും ചെയ്യുക തുടങ്ങിയ ഒട്ടേറെ പ്രശ്നങ്ങളാണ് വൈക്കം മേഖലയിലെ പാലംപണികൾക്ക് വിനയാകുന്നത്. വർഷങ്ങളായി ജനങ്ങൾ കാത്തിരിക്കുന്ന പാലങ്ങൾ എന്ന് സഫലമാകുമെന്ന് ആർക്കും നിശ്ചയമില്ല.
വാലേൽ പാലം
മുറിഞ്ഞപുഴ, ബ്രഹ്മമംഗലം പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ചെമ്പ് വാലേൽ പാലം നിർമാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ നൂലാമാലകളാണ് പ്രശ്നം. 2016-17 ബജറ്റിലാണ് പാലം നിർമാണം പ്രഖ്യാപിച്ചത്. തുടർന്ന് ഭരണാനുമതിയും ലഭിച്ചിരുന്നു. സാങ്കേതിക അനുമതി ലഭിക്കുന്ന ഘട്ടത്തിലാണ് അപ്രോച്ച് റോഡ് നിർമാണത്തിനുള്ള സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ ഉടലെടുത്തത്.
ആറ്റുവേലക്കടവ് പാലം
മറവൻതുരുത്ത് പഞ്ചായത്തിലെ ആറ്റുവേലക്കടവിനെയും ഉദയനാപുരം പഞ്ചായത്തിലെ വൈക്കപ്രയാറിനെയും ബന്ധിപ്പിച്ച് മൂവാറ്റുപുഴയാറിലാണ് പാലം നിർമിക്കേണ്ടത്. പാലം വേണമെന്ന ആവശ്യത്തിന് അഞ്ച് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മറവൻതുരുത്ത് പഞ്ചായത്തിലെ 10-ാംവാർഡിലെ ആറ്റുവേലക്കടവ് മൂഴിക്കൽ റോഡും ഉദയനാപുരം പഞ്ചായത്തിലെ അഞ്ച്, ആറ് വാർഡുകൾ സംഗമിക്കുന്ന വൈക്കപ്രയാർ തുറുവേലിക്കുന്ന് റോഡും കടവിന് അക്കരെയിക്കരെ എത്തിനിൽക്കുകയാണ്. വർഷങ്ങൾക്ക് മുമ്പ് പുഴയിൽ 54 മീറ്റർ വീതിയിൽ പാലം നിർമിക്കുന്നതിന് ശ്രമം നടന്നിരുന്നു. പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കി അവസാനിപ്പിച്ചു. തുടർനടപടികളൊന്നുമുണ്ടായില്ല.
അക്കരപ്പാടം പാലം
ഉദയനാപുരം പഞ്ചായത്തിലെ നാനാടം, അക്കരപ്പാടം പ്രദേശങ്ങളെ ബന്ധിപ്പിച്ചാണ് അക്കരപ്പാടം പാലം നിർമിക്കുന്നത്. വെർട്ടിക്കൽ ക്ലിയറൻസ് ഇളവ് ലഭിച്ചെങ്കിലും നിർമാണം ആരംഭിച്ചിട്ടില്ല. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 16 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. സാങ്കേതിക അനുമതികൂടി ലഭിച്ചാൽ ടെൻഡർ നടപടിയിലേക്ക് കടക്കും. മൂന്നുവശവും വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശമാണ് അക്കരപ്പാടം. പാലം വേണമെന്ന പ്രദേശവാസികളുടെ മുറവിളിക്ക് 10 വർഷത്തിലധികം പഴക്കമുണ്ട്.
കാട്ടിക്കുന്ന് തുരുത്ത് പാലം
മൂവാറ്റുപുഴയാറിന്റെ കൈവഴിയിലാണ് കാട്ടിക്കുന്ന് തുരുത്ത്. തുരുത്തിലേക്കുള്ള ഏകാശ്രയം കടത്തുവള്ളംമാത്രം. പാലം 60 വർഷമായി ജനങ്ങളുടെ ആവശ്യമാണ്. ഇതിനായി ഒരുപാട് സമരങ്ങൾ നടന്നെങ്കിലും പാലം വാഗ്‌ദാനത്തിലൊതുങ്ങി. തിരഞ്ഞെടുപ്പ് കാലത്ത് എല്ലാ മുന്നണികളും തുരുത്തിലെത്തി പാലം വാഗ്ദാനം ചെയ്ത് മടങ്ങും. പിന്നെ അവരെ ഈ വഴിക്ക് കാണില്ലെന്ന് തുരുത്ത് നിവാസികൾ പറയുന്നു. പാലത്തിനായി ഇടതുസർക്കാർ ഒൻപത് കോടിരൂപയും സുരേഷ് ഗോപി എം.പി. മൂന്നുകോടി രൂപയും അനുവദിച്ചെങ്കിലും എല്ലാം കടലാസിൽ ഒതുങ്ങി.
അഞ്ചുമന പാലം
കോട്ടയം-ചേർത്തല റോഡിലെ പ്രധാനപാലമാണ് അഞ്ചുമന പാലം. ഒരു വണ്ടിക്ക് കഷ്ടിച്ച് കടന്നുപോകാം. വൈക്കം-വെച്ചൂർ റോഡ് നിർമാണത്തിനും അഞ്ചുമന പാലം നിർമാണത്തിനും 2016-ലെ ബജറ്റിൽ പ്രഖ്യാപനം നടന്നതാണ്. 2018-ൽ കിഫ്ബി അംഗീകാരവും നൽകി. എന്നാൽ, നിർമാണം ആരംഭിച്ചിട്ടില്ല. അഞ്ചുമന തോടിന് കുറുകെ ബ്രിട്ടീഷുകാർ പണിത പാലമാണിത്. ഇരുമ്പ് ഗർഡറുകൾക്ക് മുകളിൽ സ്ലാബിട്ടാണ് പാലം നിർമിച്ചിരിക്കുന്നത്. ഇതിന്റെ തൂണുകൾ പലതിനും ബലക്ഷയം സംഭവിച്ചു. അപ്രോച്ച് റോഡിന്റെ ഭാഗത്തിനും ബലക്ഷയമുണ്ട്. വൈക്കം-വെച്ചൂർ റോഡ് നവീകരണത്തിനും അഞ്ചുമന പാലത്തിന്റെ നിർമാണത്തിനും കിഫ്ബിയിൽനിന്ന് ഫണ്ടനുവദിച്ചു. ഭരണാനുമതിയും സാങ്കേതികാനുമതിയും ധനകാര്യ അനുമതിയും ലഭിച്ചു. ടെൻഡർ നടപടികളാണ് ഇനി പൂർത്തിയാക്കേണ്ടത്. 10 മീറ്റർ നീളവും 11 മീറ്റർ വീതിയുമാണ് പുതിയ പാലത്തിന് പരിഗണിക്കുന്നത്. ഇതിന്റെകൂടെ നടപ്പാതകളുമുണ്ട്.
ചേരുംചുവട് പാലം
വൈക്കം-വെച്ചൂർ റോഡിലെ കെ.വി. കനാലിലെ പാലമാണ് ചേരുംചുവട് പാലം. ടോറസ് ലോറികളടക്കം നിരവധി വാഹനങ്ങളാണ് ഇതിലൂടെ കടന്നുപോകുന്നത്. വീതികുറഞ്ഞ പാലം പുനർനിർമിക്കണമെന്നാണ് ആവശ്യം.