കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച റിമാൻഡിലായിരുന്ന പ്രതി ഷെഫീഖിന്റെ തലയിലും മുഖത്തും മുറിവുകളുണ്ടെന്നും ഇത് മർദനമേറ്റതിന്റെ തെളിവാണെന്നും ബന്ധുക്കൾ ആരോപിച്ചു. കേസ് എന്താണെന്ന് തങ്ങൾക്കറിയില്ലെന്നും ബന്ധുക്കൾ പറയുന്നു. തിങ്കളാഴ്ച രാവിലെ ആറുമണിയോടെ ഷെഫീഖ് തനിയെ വീട്ടിലുള്ളപ്പോഴാണ് പോലീസ് കസ്റ്റഡിയിലെടുത്തതെന്ന് ഭാര്യ സെറീന പറഞ്ഞു.
ബുധനാഴ്‌ച രോഗം കൂടുതലാണെന്നും ഉടൻ ആശുപത്രിയിലെത്താനും പോലീസ് അറിയിച്ചു. പീന്നീട് വീട്ടിൽ വിളിച്ചപ്പോഴാണ് മരിച്ച വിവരം അറിയുന്നതെന്ന് ഭാര്യ സെറീന പറഞ്ഞു. പിടിച്ചുകൊണ്ടുപോയവർ ഉപദ്രവിച്ചതാണ് മരണകാരണമെന്ന് ഷെഫീഖിന്റെ മാതാവ് റഷീദ പറഞ്ഞു.
റിമാൻഡിലായ ഷെഫീഖിനെ കാക്കനാട്ടെ കോവിഡ് സെന്ററിൽ പ്രവേശിപ്പിച്ചു.
ഇതിനിടെ ഷെഫീഖിന് അപസ്മാരം ഉണ്ടായതിനെ തുടർന്നാണ് ആദ്യം എറണാകുളം ജില്ലാ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിൽസയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചതെന്നുമാണ് വീട്ടുകാരോട് പോലീസും ജയിൽ അധികൃതരും അറിയിച്ചത്. ഷെഫീഖിനു അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്ന് ജയിൽ അധികൃതർ അറിയിച്ചതനുസരിച്ചു വ്യാഴാഴ്ച ഉച്ചയോടെ ഷെഫീഖിന്റെ വീട്ടിൽ വിവരം അറിയിച്ചതായി കാഞ്ഞിരപ്പള്ളി പോലീസ് പറയുന്നു.
നടപടികളിൽ വീഴ്ചയില്ല-ഉദയംപേരൂർ പോലീസ്
കൊച്ചി : അറസ്റ്റ് ചെയ്ത അന്നുതന്നെ ഷെഫീഖിനെ തൃപ്പൂണിത്തുറ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തുവെന്നും പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നും ഉദയംപേരൂർ എസ്.ഐ. പറഞ്ഞു.
ട്രഷറി ഓഫീസർ ചമഞ്ഞ് ഉദയംപേരൂരിലെ ഒരു വീട്ടിലെത്തിയ ഷെഫീക്ക്, വീട്ടമ്മയോട് 1,40,000 രൂപ ട്രഷറിയിൽ വന്നിട്ടുണ്ടെന്നും തുടർനടപടിക്കായി 7000 രൂപ നൽകണമെന്നും ആവശ്യപ്പെട്ടു.
3000 രൂപയേ ഉള്ളൂവെന്നു പറഞ്ഞപ്പോൾ ആ തുക വാങ്ങിയ ശേഷം വീട്ടമ്മയുടെ കാതിലെ രണ്ടുഗ്രാം 300 മില്ലിഗ്രാം തൂക്കം വരുന്ന സ്വർണക്കമ്മലും ഊരി വാങ്ങി ഇയാൾ കടന്നുകളയുകയായിരുന്നു. 2020 ഡിസംബർ 19-നായിരുന്നു സംഭവം.