ശവസംസ്‌കാരം ഇന്ന്‌ ഔദ്യോഗിക ബഹുമതികളോടെ

ചങ്ങനാശ്ശേരി : അന്തരിച്ച മുൻ മന്ത്രി കെ.ജെ.ചാക്കോയ്ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30-ന് പൂർണ ഔദ്യോഗിക ബഹുമതികളോടെ വാഴപ്പള്ളിയിലുള്ള വസതിയിൽ ശവസംസ്‌കാര ശുശ്രൂഷകൾ ആരംഭിച്ച് ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പൊലീത്തൻ പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിക്കും. ശവസംസ്‌കാര ചടങ്ങുകൾക്ക് ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം മുഖ്യകാർമികത്വം വഹിക്കും. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന്

തിങ്കളാഴ്ച രാവിലെ 6.30-ന് ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലായിരുന്നു അന്ത്യം. മോർച്ചറിയിൽ

സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ചെത്തിപ്പുഴ ആശുപത്രിയിൽനിന്നു വിലാപയാത്രയായി അദ്ദേഹം ചെയർമാനായിരുന്ന ചങ്ങനാശ്ശേരി മുനിസിപ്പൽ ഓഫീസിൽ എത്തിച്ച്‌ ‌മൃതദേഹം പൊതുദർശനത്തിന് വെച്ചു. തുടർന്ന്, അദ്ദേഹം പ്രസിഡന്റായിരുന്ന വാഴപ്പള്ളി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളിലും പൊതുദർശനത്തിനു വെച്ചു. ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർമാരും ജീവനക്കാരും അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് വാഴപ്പള്ളിയിലുള്ള വസതിയിൽ എത്തിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നാട്ടുകാരടക്കം നിരവധി രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ അന്തിമോപചാരം അർപ്പിക്കാൻ എത്തി. സംസ്ഥാന സർക്കാരിനുവേണ്ടി ചങ്ങനാശ്ശേരി താലൂക്ക് തഹസിൽദാർ പ്രീത പ്രതാപൻ റീത്ത് സമർപ്പിച്ചു.

കേരള കോൺഗ്രസ് എം. ചെയർമാനും മുൻ എം.പി.യുമായ ജോസ് കെ.മാണി, കൊടിക്കുന്നിൽ സുരേഷ് എം.പി, മുൻ എം.പി.മാരായ ഫ്രാൻസിസ് ജോർജ്, പി.സി. തോമസ്, പി.സി.ജോർജ് എം.എൽ.എ, സി.പി.എം.സംസ്ഥാന കമ്മിറ്റി അംഗവും മുൻ എം. എൽ.എ.യുമായ വി.എൻ. വാസവൻ, മുൻ എം.എൽ.എ.മാരായ ഡോ. വർഗീസ് ജോർജ്, ഡോ. െക.സി.ജോസഫ്, സി.പി.എം. ജില്ലാ സെക്രട്ടറി എ.വി. റസ്സൽ, പി. സി. ജോസഫ്, സി.പി.ഐ.ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ, സണ്ണി തോമസ്, അഡ്വ. കെ. മാധവൻപിള്ള, മാത്യൂസ് ജോർജ്, സി.പി.എം. ഏരിയ സെക്രട്ടറി കെ.സി.ജോസഫ്, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അലക്‌സാണ്ടർ പ്രാക്കുഴി, നഗരസഭ

ചെയർപേഴ്‌സൺ സന്ധ്യാ മനോജ്, വൈസ് ചെയർമാൻ ബെന്നി ജോസഫ്, നഗരസഭ പ്രതിപക്ഷ നേതാവ് കൃഷ്ണകുമാരി രാജശേഖരൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ഡി. മോഹനനൻ,മണിയമ്മ രാജപ്പൻ, സുജാത സുശീലൻ, കെ.എൻ. സുവർണകുമാരി, സോഫി ലാലിച്ചൻ, എൽ.ഡി.എഫ്. സ്ഥാനാർഥി അഡ്വ. ജോബ് മൈക്കിൾ, യു.ഡി.എഫ്‌. സ്‌ഥാനാർഥി വി.ജെ. ലാലി, നഗരസഭ കൗൺസിലർമാർ തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു.