ഏറ്റുമാനൂർ : നിയന്ത്രണംവിട്ട കാർ കീഴ്‌മേൽ മറിഞ്ഞു. കാറിനുള്ളിലുണ്ടായിരുന്ന ഡോക്ടർ ദമ്പതിമാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് അതിരമ്പുഴ-മെഡിക്കൽ കോളേജ് റോഡിൽ എം.ജി.യൂണിവേഴ്‌സിറ്റി ജുമാമസ്‌ജിദിന് സമീപമായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ മറിഞ്ഞ് നിരങ്ങിനീങ്ങി സമീപത്തെ മരത്തിലിടിച്ച് നിൽക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. പി.കെ.ബാലകൃഷ്ണൻ (53), ഭാര്യ ഡോ. പുഷ്പകുമാരി (49) എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്. ശബ്ദംകേട്ട് എത്തിയവരാണ്‌ കാറിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചത്‌.

ഡോ. ബാലകൃഷ്ണന്റെ കൈക്ക്‌ നിസ്സാര പരിക്കേറ്റു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ നൽകി. കാറിനുള്ളിലെ എയർബാഗ് പ്രവർത്തിച്ചിരുന്നതിനാലാണ് യാത്രക്കാർ വലിയ അപകടത്തിൽനിന്ന്‌ രക്ഷപ്പെട്ടത്. കോട്ടയത്തുനിന്നെത്തിയ അഗ്നിരക്ഷാസേനയുടെ സഹായത്തോടെ കാർ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.