മുത്തോലി : അരുണാപുരത്തെ തടയണയോടുകൂടിയ പാലം നാട്ടുകാർക്ക് ഇന്നും സ്വപ്‌നം. അഞ്ച് വർഷം മുമ്പ് നിർമ്മാണം തുടങ്ങുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് നാട്ടുകാർ പദ്ധതിയെ വരവേറ്റത്. എന്നാൽ പ്രാഥമികമായ ചില നിർമ്മാണപ്രവർത്തനങ്ങൾ മാത്രമാണ് നടന്നത്.

മുത്തോലി പഞ്ചായത്തിനെയും പാലാ നഗരസഭയെയും ബന്ധിപ്പിച്ചാണ് പാലവും തടയണയും. 2016-ൽ നിർമ്മാണോദ്ഘാടനം നടത്തിയെങ്കിലും പാലത്തിന്റെ ഒരു തൂണുപോലും പണിയാനായില്ല. മൂന്ന് വർഷങ്ങൾക്ക് മുമ്പ് ഇരുകരകളിൽനിന്നും അപ്രോച്ച് റോഡിന്റെ പണി പൂർത്തീകരിച്ചിരുന്നു. വെള്ളിയേപ്പള്ളി, പന്തത്തല പ്രദേശവാസികളായ നൂറുകണക്കിന് ആളുകൾ ഉപയോഗിച്ചുവന്നിരുന്ന കുളിക്കടവും പാലം നിർമ്മാണത്തിന്റെ പേരിൽ പൊളിച്ചുകളഞ്ഞു.

വെള്ളം തിരിച്ചുവിടുന്നതിനായി നൂറുകണക്കിന് ലോഡ് മണ്ണിട്ട് ആറ്റിൽ ബണ്ട് നിർമ്മിച്ച്‌ പാലം പണിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നെങ്കിലും ഉപേക്ഷിക്കുകയായിരുന്നു. പദ്ധതിക്കുള്ള നടപടികൾ പുനരാരംഭിക്കുമെന്ന് സമീപകാലത്തും അധികൃതർ അറിയിച്ചിരുന്നു. എന്നാൽ ആറ്റിലെ ജലനിരപ്പ് കുറഞ്ഞ ഈ വേനൽക്കാലവും പാലം നിർമ്മിക്കാതെ കടന്നുപോവുകയാണ്.

പദ്ധതിയുടെ രൂപകല്പനയിലെ പോരായ്മകളാണ് നിർമ്മാണം തുടരുന്നതിന് തടസ്സമായത്. സമീപകാലത്ത് രൂപകല്പന പുതുക്കി, നിർമ്മാണത്തിന് ആവശ്യമായ തുകയും അനുവദിച്ചിരുന്നു. എന്നാൽ ടെൻഡർ ഉൾപ്പടെയുള്ള നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്.

പദ്ധതി മീനച്ചിലാറിനു കുറുകെ അരുണാപുരം സെന്റ് തോമസ് കോളേജ് കടവിൽ തടയണയും പാലവും നിർമ്മിക്കുന്നതിന് തുടക്കത്തിൽ 11.5 കോടി രൂപയുടെ ഭരണാനുമതിയാണ് നൽകിയിരുന്നത്. ജലസേചനവകുപ്പിന്റെ ചുമതലയിലാണ് നിർമ്മാണം. ധനകാര്യമന്ത്രിയായിരുന്ന കെ.എം.മാണി പ്രത്യേക താത്പര്യമെടുത്താണ് പദ്ധതി അനുവദിച്ചത്. വെള്ളിയേപ്പള്ളി, പന്തത്തല തുടങ്ങിയ പ്രദേശത്തുള്ളവരുടെ ദീർഘകാലമായുള്ള ആവശ്യം പരിഗണിച്ചാണ് പാലം നിർമ്മിക്കുന്നത്.

പാലത്തിന് 75 മീറ്റർ നീളവും 7.5 മീറ്റർ വീതിയുമാണ് വിഭാവനം ചെയ്തിരിക്കുന്നത്. മുത്തോലി പഞ്ചായത്തിലെ പന്തത്തല ഭാഗത്തുള്ളവർക്ക് എളുപ്പത്തിൽ പാലാ നഗരത്തിൽ എത്താം. മീനച്ചിലാറിന്റെ ഇരുകരകളിലുള്ളവർക്കും കിലോമീറ്ററുകൾ അധികം യാത്ര ചെയ്യേണ്ട സാഹചര്യം ഒഴിവാകും. നഗരത്തിൽ ഗതാഗതത്തിരക്കുള്ളപ്പോൾ വാഹനങ്ങൾ ഇതിലൂടെ കടത്തിവിടാൻ സാധിക്കും

തടയണ പാലാ മുനിസിപ്പാലിറ്റിയിലെയും സമീപ പഞ്ചായത്തുകളിലെയും കുടിവെള്ളക്ഷാമത്തിനു പരിഹാരം കണ്ടെത്തുന്നതിനായി വിഭാവനം ചെയ്തിട്ടുള്ളതാണ് നിർദിഷ്ട പദ്ധതി. ഓരോ വർഷവും ഡിസംബർ മാസത്തോടെ വെള്ളം ഒഴുകിത്തീർന്ന് വറ്റിവരളുന്ന മീനച്ചിലാറിനെ നീരണിയിക്കാനാണ് പദ്ധതി.

അരുണാപുരം മുതൽ നാലു കിലോമീറ്റർ ദൂരത്തിൽ മുകളിലേക്ക്‌ വേനൽക്കാലത്ത് ജലനിരപ്പ് ഉയർന്നുനിൽക്കുംവിധമാണ് പദ്ധതി രൂപകൽപ്പന ചെയ്തിട്ടുള്ളത്.

തറപ്പേൽക്കടവ് മുതൽ അരുണാപുരം വരെ മീനച്ചിലാറിലേക്ക്‌ എത്തിച്ചേരുന്ന തോടുകളിലും അരുവികളിലും വേനൽക്കാലത്തും ജലലഭ്യത ഉറപ്പുവരുത്തി സമീപപ്രദേശത്തെ കിണറുകളും ജലസമൃദ്ധമാക്കാൻ സാധിക്കും. വേനൽക്കാലത്ത് പ്രവർത്തനരഹിതമാകുന്ന പല ജലവിതരണ പദ്ധതികളും ഇതോടെ സുഗമമായി നടത്തിക്കൊണ്ടുപോകാൻ കഴിയും. ഷട്ടറുകൾ സ്ഥാപിച്ച് വർഷകാലത്ത് തുറന്നുവിടാൻ കഴിയുംവിധമാണ് തടയണ.