കോഴാ : തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ വാർഡുതലത്തിൽ തുടക്കമിട്ട സേവാഗ്രാം ഗ്രാമകേന്ദ്രങ്ങളുടെ പ്രവർത്തനം കാര്യക്ഷമമാകാതെ പാതിവഴിയിൽ. ഗ്രാമസ്വരാജ് സങ്കൽപത്തിന്റെ ഭാഗമാണ് സേവാഗ്രാം ഗ്രാമകേന്ദ്രം. പുതിയ ഭരണസമിതികൾ ചുമതല ഏൽക്കുന്നതോടെ ഇവ പ്രവർത്തനസജ്ജമാകുമെന്ന പ്രതീക്ഷയിലാണ് നാട്.

പഞ്ചായത്ത് ഭരണസമിതിയിലെ വാർഡ് അംഗങ്ങളുടെ ഓഫീസെന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സേവാഗ്രാം കേന്ദ്രം, വാർഡ് കേന്ദ്രങ്ങൾക്ക് തുടക്കമിട്ടത്. കിലയിലെ വിദഗ്ധരുടെ മേൽനോട്ടവും പരിശീലനവും ഇത്തരം കേന്ദ്രങ്ങളുടെ നടത്തിപ്പിന് പ്രാരംഭഘട്ടത്തിൽ ലഭിച്ചിരുന്നു. ഇപ്പോൾ സേവാഗ്രാം നിലയങ്ങളുടെ സ്ഥിതിയാകട്ടെ പല പദ്ധതികളിലും നേരിട്ടതുപോലെ ആരംഭശൂരത്വമായി പരിണമിച്ചെന്ന ആക്ഷേപത്തിന് ഇടയാക്കി. പല പഞ്ചായത്തുകളിലും കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്തു.

പ്രതിനിധിയെ കാണാൻ അലയേണ്ട

എം.പി., എം.എൽ.എ.മാരുടെ ഓഫീസ് മാതൃകയിലാണ്‌ സേവാഗ്രാം ഗ്രാമകേന്ദ്രങ്ങൾ വിഭാവനം ചെയ്‌തത്‌. വാർഡിലെ ജനങ്ങൾക്ക് തങ്ങളുടെ പ്രതിനിധിയെ അന്വേഷിച്ച് അലയേണ്ടതില്ല. നിശ്ചിതസമയത്ത് ദിവസവും അദ്ദേഹത്തിന്റെ സേവനം കേന്ദ്രത്തിൽ ലഭിക്കും. ആദ്യഘട്ടത്തിൽ മാറിനിന്ന പഞ്ചായത്തുകളിലും സർക്കാർതലത്തിൽ ഉയർന്ന സമ്മർദത്തെതുടർന്ന് കേന്ദ്രങ്ങൾ കണ്ടെത്തി. നിലവിലെ ഭരണസമിതി പിന്നിടുന്ന സമയത്തുപോലും ഭൂരിഭാഗം കേന്ദ്രങ്ങളും തുറക്കാത്ത നിലയിലായിരുന്നു. പല സെന്ററുകളും മാസത്തിലൊരിക്കൽ പോലും തുറക്കാറില്ല.

പഞ്ചായത്തിൽനിന്ന് ലഭിക്കുന്ന വിവിധ ആനുകൂല്യങ്ങൾക്കുള്ള ഫോമുകൾ, ക്ഷേമപദ്ധതികളെകുറിച്ചുള്ള വിശദാംശങ്ങൾ. ഓരോ വാർഡിലും നടപ്പാക്കേണ്ട വികസനപദ്ധതികൾ എന്നിവ ചർച്ചചെയ്യാൻ വിദഗ്ധസമിതിക്കും സേവാഗ്രാം ഓഫീസുകൾ കേന്ദ്രീകരിച്ച് രൂപം നൽകിയിരുന്നു. സർക്കാർ ഉദ്യോഗസ്ഥർ, യുവാക്കളടക്കം സമൂഹത്തിന്റെ വിവിധ ശ്രേണിയിൽ ഉൾപ്പെടുന്നവരെല്ലാം ഉൾപ്പെടണമെന്നായിരുന്നു സമിതി രൂപവത്‌കരണത്തിനുള്ള നിബന്ധന. പഞ്ചായത്തുകളിൽനിന്ന് ലഭിക്കേണ്ട സർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷകൾ നൽകേണ്ടതിനും പഞ്ചായത്തിലേക്ക് നൽകേണ്ട നികുതികൾ അടയ്ക്കുന്നതിനുമെല്ലാം ഇത്തരം കേന്ദ്രങ്ങളിൽ ക്രമീകരണവും ലക്ഷ്യമിട്ടിരുന്നു.

പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുത്തി ഓൺലൈൻ സംവിധാനം എല്ലാ കേന്ദ്രങ്ങളിലും ആരംഭിക്കുമെന്നതും പ്രത്യേകതയായിരുന്നു. വിവിധ അപേക്ഷകളിൽ പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെട്ടു നേരിടാവുന്ന ചുവപ്പുനാടയുടെ കുരുക്കഴിയുമെന്നതായിരുന്നു സാധാരണക്കാർക്കുണ്ടാകുന്ന പ്രധാന നേട്ടം.

പ്രകൃതിക്ഷോഭം ഉൾപ്പെടെയുള്ള ദുരന്തഘട്ടങ്ങളിൽ അർഹരായവർക്ക് കുറഞ്ഞ സമയത്തിനുള്ളിൽ ആനുകൂല്യം ഉറപ്പാക്കുന്നതുൾപ്പെടെ ലക്ഷ്യമുണ്ടായിരുന്നു.