പാലാ : ഓരോ പ്രവൃത്തിയും ഈശ്വരപൂജയാണെന്നും മറ്റുള്ളവർക്കുകൂടി നന്മചെയ്യുവാനുള്ള അവസരമാണ് മനുഷ്യജന്മത്തിലൂടെ നമുക്ക് ലഭിക്കുന്നതെന്നും സ്വാമി സ്വപ്രഭാനന്ദ മഹാരാജ്.

അംബികാ എജ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റും പാറേക്കാവ് ദേവീക്ഷേത്രം സമിതിയും സംഘടിപ്പിച്ച വന്ദേ സ്വപ്രഭാനന്ദം സത്സംഗ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ പ്രവൃത്തികൾ മറ്റുള്ളവരുടെ സുഖത്തിനുകൂടി ആവണം.ശ്രീരാമകൃഷ്ണ ദേവനും ശ്രീനാരായണ ഗുരുദേവനും ഇക്കാര്യം തന്നെയാണ് നമ്മെ ഓർമിപ്പിക്കുന്നത്. അച്ഛനും അമ്മയും ജീവിക്കുന്ന മാതൃകയാക്കണം. ജീവിതം സുഖപൂർണമാകണമെങ്കിൽ അവനവൻ ശ്രമിക്കണം.പ്രവൃത്തിയെടുത്താൽ മനസ്സ് നന്നാവുകയും ആത്മവിശ്വാസം വർധിക്കുകയും ചെയ്യും.അതിന് നല്ല മനസ്സ്കൂടി വേണമെന്നും സ്വാമി ഓർമിപ്പിച്ചു. ക്ഷേത്രം പ്രസിഡന്റ് ഡോ.എൻ.കെ.മഹാദേവൻ അധ്യക്ഷത വഹിച്ചു. വിൻവേൾഡ് ഫൗണ്ടേഷൻ ചെയർമാൻ അഡ്വ.എസ്. ജയസൂര്യൻ, ബിജു കൊല്ലപ്പള്ളി, പാറേക്കാവ് ക്ഷേത്രം സെക്രട്ടറി കെ.എസ്. ഗോപാലകൃഷ്ണൻ, ഭാഗവത ആചാര്യൻ പി.കെ. വ്യാസൻ, ഗായകൻ ജിൻസ് ഗോപിനാഥ്, സനീഷ് ചിറയിൽ എന്നിവർ പ്രസംഗിച്ചു. മീനച്ചിൽ ഹിന്ദു മഹാസംഗമ ഗീതം സ്വാമി സ്വപ്രഭാനന്ദ മഹാരാജ് പ്രകാശനം ചെയ്തു. മേയ് 19 മുതൽ 25 വരെ ഓൺലൈനായാണ് ഈ വർഷത്തെ ഹിന്ദു മഹാസംഗമം നടക്കുന്നത്.