കോട്ടയം : ഈ ലോക്ഡൗൺ കാലയളവിൽ കോട്ടയത്തെ തെരുവുകളിൽ സൗജന്യ അന്നദാനവും ലഘുഭക്ഷണവും വിതരണം ചെയ്ത് മാതൃകയായ സ്നേഹക്കൂടിന്‌ പോലീസ് വക സ്നേഹസമ്മാനം. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പി.ജി.ബിനോയ് അരിയും പലവ്യഞ്ജനങ്ങളുമടക്കമുള്ള സാധനങ്ങൾ സ്നേഹക്കൂട് ഡയറക്ടർ നിഷ സ്നേഹക്കൂട്, സെക്രട്ടറി ബി.കെ.അനുരാജ് എന്നിവർക്ക് കൈമാറി.

തെരുവിൽ അലയുന്ന സഹോദരങ്ങൾ, കോവിഡ് ബാധിതരുള്ള വീടുകൾ, കോവിഡ് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർ, ആരോഗ്യപ്രവർത്തകർ, മറ്റ് സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്കാണ് ഭക്ഷണമെത്തിച്ചത്. രാവിലെ മോരുംവെള്ളം, ഉച്ചഭക്ഷണം, വൈകീട്ട് ചായയും ചെറുകടികളും, രാത്രി ഭക്ഷണവും എത്തിച്ചാണ് കോട്ടയം കേന്ദ്രമായുള്ള സ്നേഹക്കൂട് അഭയമന്ദിരം ഏവരുടെയും കൈയടി നേടിയത്.

‘അക്ഷരനഗരിയെ അന്നമൂട്ടൽ’ എന്ന പദ്ധതിയിലേക്ക് കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ നാലു ചാക്ക് അരിയും പലവ്യഞ്ജനങ്ങളുമാണ് നൽകിയത്. എസ്.ഐ. രൂപേഷ്, പി.ആർ.ഒ. ഷാജിമോൻ, എ.എസ്.ഐ. ബോബി ഏബ്രഹാം, സജികുമാർ, ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരായ ടി.കെ.ബിനോയ്, സത്താർ, ജീമോൻ, ബാലഗോപാൽ ബി.വി., പ്രതാപ്‌ തുടങ്ങിയവർ പങ്കെടുത്തു. സ്നേഹക്കൂടിന് കോട്ടയം ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരും കോട്ടയം കൺട്രോൾ ആൻഡ് കമാൻഡിലെ ഉദ്യോഗസ്ഥരും കെ.എസ്.ആർ.ടി.സി.യും സഹായം നൽകിയിരുന്നു.