പാലാ : കോവിഡ് വ്യാപനത്തിൽ തയ്യൽത്തൊഴിലാളികളുടെ ജീവിതം വഴിമുട്ടി. കോവിഡ് ഉയർത്തിയ പ്രതിസന്ധികളിൽനിന്ന്‌ കരകയറാൻ സാധിക്കാത്ത ഇവർക്ക് ലോക്‌ഡൗൺ കാലത്തെ ദുരിതം വാക്കുകൾക്കതീതമാണ്‌.

ഒന്നരവർഷമായി വിദ്യാലയങ്ങൾ തുറന്നുപ്രവർത്തിക്കാത്തതിനാൽ തയ്യൽ തൊഴിലാളികളുടെ ജോലിയുടെ നല്ലൊരു ഭാഗമാണ് നഷ്ടമായത്‌. കുട്ടികളുടെ യൂണിഫോമുകൾ തയ്ക്കുന്ന ജോലിയിൽനിന്നുള്ള വരുമാനം രണ്ട്‌ അധ്യായനവർഷങ്ങളിലും നഷ്‌ടമായി.

ജില്ലയിൽ ക്ഷേമനിധി ഓഫീസിൽ ക്ഷേമനിധി അടയ്ക്കുന്ന 37,000 തൊഴിലാളികളുണ്ട്. വീട്ടിൽതന്നെ മറ്റു ജോലിക്കൊപ്പം തയ്യൽജോലി ചെയ്ത് ജീവിക്കുന്ന ആയിരക്കണക്കിന് വനിതകളുണ്ട്. ഇവർക്കെല്ലാം വരുമാനം നിലച്ചു.

ലോക്‌ഡൗണിന് മുമ്പും മിക്ക തയ്യൽക്കടകളും തൊഴിലാളികളെ കുറച്ചിരുന്നു. കഴിഞ്ഞ കുറേക്കാലമായി മിക്ക സ്ഥാപനങ്ങളിലും ഉടമകളായ തയ്യൽക്കാർക്ക് ചെയ്യാനുള്ള ജോലിയേയുള്ളൂ. കോവിഡ് തുടങ്ങിയശേഷം ചെറുകിട തയ്യൽ സ്ഥാപനങ്ങൾ നടത്തുന്നവരിൽ ചിലർ വരുമാനത്തിനായി മറ്റുജോലികൾ ചെയ്യുന്നുണ്ട്. ടൗണുകളിലെ ഹൃദയഭാഗത്ത് കെട്ടിടം വാടകയ്‌ക്കെടുത്താണ് മിക്ക തയ്യൽസ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്.

വാടകയും വൈദ്യുതിത്തുകയും ഉൾപ്പെടെയുള്ള ചെലവുകൾ നൽകേണ്ടിവരുന്നു. ചെലവ്‌ നടത്താനുള്ള വരുമാനംപോലും കോവിഡ് തുടങ്ങിയശേഷം ലഭിക്കാറിെല്ലന്ന് തയ്യൽക്കാർ പറയുന്നു.

കോവിഡ് പ്രതിസന്ധി തരണംചെയ്യാൻ തയ്യൽ സ്ഥാപനങ്ങൾക്കു പലിശയില്ലാതെ വായ്പ നൽകണമെന്ന് തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടു.