പാലാ : ചുരുങ്ങിയ ചെലവിൽ രോഗനിർണയം നടത്തുന്നതിന് പദ്ധതിയിട്ട് പാലാ ജനറലാശുപത്രിയിൽ നിർമിച്ച ആധുനിക രോഗനിർണയ കേന്ദ്രം തുടങ്ങാൻ തടസ്സങ്ങൾ ബാക്കി.

വർഷങ്ങൾനീണ്ട കാത്തിരിപ്പിനൊടുവിൽ അത്യാവശ്യം ഉപകരണങ്ങൾ പ്രവർത്തന സജ്ജമാക്കുന്ന നടപടികൾ നടന്നുവരുകയാണ്. ആശുപത്രിയുടെ പ്രധാന കവാടത്തിൽനിന്ന് കേന്ദ്രത്തിനായി നിർമിച്ച കെട്ടിടത്തിലേക്കുള്ള നടപ്പാത ഇനിയും പണിതിട്ടില്ല.

നടപ്പാത നിർമിക്കുന്നതിന് നഗരസഭ എസ്റ്റിമേറ്റ് എടുത്തെങ്കിലും നിർമാണം തുടങ്ങിയിട്ടില്ല.അഞ്ചുവർഷം മുമ്പ് കെട്ടിടനിർമാണം പൂർത്തിയായിരുന്നു. വൈദ്യുതീകരണവും ലിഫ്റ്റും സജ്ജമാക്കി.

ആധുനിക ഉപകരണസഹായത്തോടെയുള്ള രോഗനിർണയം ഏറ്റവും ചുരുങ്ങിയ നിരക്കിൽ ലഭ്യമാക്കുന്നതിനാണ് അഞ്ചുനിലകളുള്ള കെട്ടിടം പണിതീർത്തത്. സി.ടി.സ്‌കാൻ, അൾട്രാസൗണ്ട് സ്‌കാൻ, ഡിജിറ്റൽ റേഡിയോഗ്രഫി, മോഡേൺ ലാബ്, അഡ്വാൻസ്‌ഡ്‌ ക്ലിനിക്കൽ ലാബ്, ഒരേസമയം പത്തുപേർക്ക് ഡയാലിസിസ് ചെയ്യുന്നതിനുള്ള സജ്ജീകരണം, ചുരുങ്ങിയ നിരക്കിലുള്ള മരുന്നു വിപണനകേന്ദ്രം എന്നീ സൗകര്യങ്ങളെല്ലാം ഒരുകേന്ദ്രത്തിൽ നിന്നുതന്നെ ലഭ്യമാക്കുംവിധമാണ് പദ്ധതി.

ഇപ്പോൾ അത്യാവശ്യ ഉപകരണങ്ങൾ മാത്രമാണ് സജ്ജമാക്കിയിട്ടുള്ളത്. സി.ടി.സ്‌കാൻ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഇനിയും ഒരുക്കണം.

കോവിഡിന്റെ പശ്ചാത്തലത്തിൽ ആശുപത്രിയുടെ ഓഫീസ് ഈ കെട്ടിടത്തിലാണ് താത്‌കാലികമായി പ്രവർത്തിക്കുന്നത്. കെട്ടിടം പൂർണമായി വിട്ടുകിട്ടിയാൽ മാത്രമേ മറ്റു പരിശോധനാ ഉപകരണങ്ങളും ഇവിടെ സജ്ജമാക്കാൻ സാധിക്കുകയുള്ളൂ.

തടസ്സങ്ങൾ നീക്കണം

രോഗനിർണയകേന്ദ്രങ്ങൾ ഉടൻ പ്രവർത്തനസജ്ജമാക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കണം. നഗരസഭ ഇതിനായി നടപടികൾ സ്വീകരിക്കണം.

ആർ.മനോജ്

(പൊതുപ്രവർത്തകൻ).