കൂരോപ്പട : രണ്ടാം വാർഡിൽ മണ്ണാനാൽ-കുട്ടിയച്ചൻപടി റോഡിന്റെ വശം നിരന്തരം ഇടിയുന്നു. തോട്ടുവക്കിനോട് ചേർന്ന ചെറിയ വഴിയിലൂടെയാണ് യാത്രക്കാർ സഞ്ചരിക്കുന്നത്. റോഡിന്‌ ആവശ്യമുള്ള വീതിയില്ല. റോഡിൽ അപകടം പതിവാണ്. തോട്ടുവക്കിന് 25 അടിയോളം താഴ്ചയുണ്ട്. ഒരു കിലോമീറ്റർ ദൂരമുള്ള റോഡിന്റെ 200 മീറ്റർ ഭാഗത്താണ് വശം കെട്ടാനുള്ളത്.

തോട്ടുവക്ക് ഇടിയുന്നത് ചൂണ്ടിക്കാട്ടി പ്രദേശവാസികൾ വാർഡ് അംഗത്തെയും പഞ്ചായത്തിനെയും സമീപിച്ചിരുന്നു. എന്നാൽ, തോടിന്റെ അരിക് കെട്ടുന്നത് വലിയ പദ്ധതി ആയതിനാൽ പഞ്ചായത്തിന് ചെയ്യാൻ സാധിക്കില്ലെന്നാണ് അധികൃതർ പറയുന്നത്. തുടർന്ന് ഉമ്മൻചാണ്ടിക്ക് നിവേദനം നൽകി. പദ്ധതി ജലസേചനവകുപ്പിനെ ഏൽപ്പിക്കാൻ ഉത്തരവായി. എന്നാൽ, മുൻ പഞ്ചായത്ത് ഭരണസമിതിയിൽ ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസം കാരണം പദ്ധതി മുടങ്ങി. മഴ തുടങ്ങിയതോടെ ഇവിടെയുള്ളവർ ഭീതിയോടെയാണ് ഇതുവഴി യാത്രചെയ്യുന്നത്.