കോട്ടയം : ഇടതുസർക്കാർ പോലീസിന്റെ സഹായത്തോടെ ബി.ജെ.പി.ക്കെതിരേ പ്രചരിപ്പിക്കുന്ന കള്ളക്കഥകൾ ചീട്ടുകൊട്ടാരംപോലെ തകരുമെന്നും ബി.ജെ.പി.യെ ഇരുട്ടിൽ നിർത്താനുള്ള നീക്കത്തെ സംഘടന ഒറ്റക്കെട്ടായി ചെറുക്കുമെന്നും ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്.

ബി.ജെ.പി.ക്കെതിരേയുള്ള വ്യാജപ്രചാരണങ്ങൾക്കെതിരേ കോട്ടയത്ത് നടത്തിയ പ്രതിഷേധജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

100 കോടിയുടെ മുട്ടിൽ മരംമുറിക്കൽ സംഭവം മറയ്ക്കാനുള്ള പരിച മാത്രമാണ് കള്ളക്കഥകൾക്കുപിന്നിൽ. തെളിവുണ്ടെങ്കിൽ ബി.ജെ.പി.യുടെ പങ്കെന്തെന്ന് നിയമസഭയിൽ പറയാൻ മുഖ്യമന്ത്രി ആർജവം കാണിക്കണമായിരുന്നു-അദ്ദേഹം പറഞ്ഞു.

തിരുനക്കര ഗാന്ധി പ്രതിമയ്ക്കുസമീപം നടന്ന പ്രതിഷേധത്തിൽ ബി.ജെ.പി. ജില്ലാ പ്രസിഡന്റ് നോബിൾ മാത്യു അധ്യക്ഷനായി. ജില്ലയിൽ 1001 കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു.