കടുത്തുരുത്തി : ലോക്ഡൗണിനോട് സഹകരിച്ച് ജനങ്ങൾ വീട്ടിൽ തന്നെയിരുന്നു. കടുത്തുരുത്തി മത്സ്യമാർക്കറ്റ് അടഞ്ഞുകിടന്നു. മെഡിക്കൽ ഷോപ്പുകളും പലചരക്ക്-പച്ചക്കറികടകളും ബേക്കറികളും മാത്രമാണ് കടുത്തുരുത്തി, പെരുവ, കുറുപ്പന്തറ എന്നിവിടങ്ങളിൽ തുറന്നത്. നിരത്തുകളിൽ വാഹനങ്ങളും പൊതുവേ കുറവായിരുന്നു. കടുത്തുരുത്തി സെൻട്രൽ ജങ്ഷനിലടക്കം വിവിധ കേന്ദ്രങ്ങളിൽ മുഴുവൻ സമയവും പോലീസ് പരിശോധന ഉണ്ടായിരുന്നു. വൈക്കം താലൂക്കിലെ നാല് സ്വകാര്യ ആശുപത്രികളിലെ 50 ശതമാനം കിടക്കകൾ കോവിഡ് ചികിത്സയ്ക്കായി മാറ്റിവെക്കാൻ നിർദേശം നൽകിയതായി വൈക്കം തഹസിൽദാർ ആർ.ഉഷ പറഞ്ഞു. മുട്ടുചിറ ഹോളിഗോസ്റ്റ് ഹോസ്പിറ്റൽ, കടുത്തുരുത്തി സഹകരണ ആശുപത്രി, വൈക്കം ഇൻഡോ-അമേരിക്കൻ ആശുപത്രി, പൊതി ആശുപത്രി തുടങ്ങിയ ആശുപത്രികൾക്കാണ് നിർദേശം നൽകിയിരിക്കുന്നത്. ലോക്ഡൗണിന്റെ ആദ്യദിനത്തിൽ നിയന്ത്രണങ്ങളോട് ജനങ്ങൾ സഹകരിച്ചതായും വരുംദിവസങ്ങളിലും ഇതിനായി ജനങ്ങൾ തയ്യാറാകണമെന്നും താലൂക്കിലെ 13 പഞ്ചായത്തുകളിൽ സന്ദർശനം നടത്തി ക്രമീകരണങ്ങൾ വിലയിരുത്തിയശേഷം തഹസിൽദാർ അറിയിച്ചു.

തലയോലപ്പറമ്പ്: ടൗണിലും മറ്റു പ്രദേശങ്ങളിലും ജനങ്ങൾ പുറത്തിറങ്ങിയില്ല. തലയോലപ്പറമ്പിലും വെള്ളൂരിലും പോലീസ് പരിശോധന ശക്തമായിരുന്നു. ആർക്കെതിരേയും കേസെടുത്തിട്ടില്ല.