പാലാ : നക്ഷത്രദീപങ്ങളും കൊടിതോരണങ്ങളും വർണശബളിമയേകിയ നഗര സന്ധ്യയിൽ ഭക്തജനങ്ങൾക്ക് ആത്മീയ നിർവൃതിയേകി നടന്ന പ്രദക്ഷിണത്തോടെ പാലാ ജൂബിലി തിരുനാളിന് പരിസമാപ്തി.

വൈകീട്ട് നഗരവീഥിയിൽ നടന്ന ഭക്തി സാന്ദ്രമായ തിരുനാൾ പ്രദക്ഷിണത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഏഴു ദിവസങ്ങളായി നടന്നുവരുന്ന ആത്മീയ തിരുക്കർമങ്ങൾക്കൊടുവിലാണ് ബുധനാഴ്ച പ്രധാന തിരുനാൾ നടന്നത്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ടൗൺ കപ്പേളയ്ക്ക് മുന്നിൽ തയ്യാറാക്കിയിരിക്കുന്ന പന്തലിലാണ് പ്രധാന ചടങ്ങുകൾ നടക്കുന്നത്. കത്തീഡ്രൽ, ളാലം പഴയപള്ളി, ളാലം പുത്തൻപള്ളി എന്നീ പള്ളികളുടെ ആഭിമുഖ്യത്തിലാണ് തിരുനാൾ നടക്കുന്നത്. ബുധനാഴ്ച രാവിലെ 10.45-ന് മാർ ജേക്കബ് മുരിക്കന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ചടങ്ങുകളോടെയാണ് പ്രധാന തിരുനാളിന്റെ ചടങ്ങുകൾ ആരംഭിച്ചത്.