വാഴൂർ: ഒരുവയസ്സ് തികയാത്ത തന്റെ കൈക്കുഞ്ഞിനെ കണ്ടശേഷമാണ് 1965-ൽ ചന്ദ്രശേഖരൻനായർ മദ്രാസ് റെജിമെന്റിലേക്ക് മടങ്ങിപോയത്. യുദ്ധം ആരംഭിച്ചതോടെ പഞ്ചാബിലെ അംബാലയിലേക്ക് മാറി. പിന്നീട് അറിഞ്ഞത് 27-കാരനായ ചന്ദ്രശേഖരൻനായരെന്ന സൈനികന്റെ മരണവാർത്തയും.

മൃതദേഹം ഒരുനോക്കുകാണാൻ ഉറ്റവർക്കുപോലും കഴിഞ്ഞില്ല. വാഴൂർ കരോട്ടുതകിടിക്കൽ കെ.ജി.ചന്ദ്രശേഖരൻനായരെന്ന സൈനികന്റെ ഓർമയിൽ കഴിയുകയാണ് ഭാര്യ ഐ.ജി.അമ്മിണിയമ്മയും മകൻ സതീഷ് ചന്ദ്രനും. 19-ാം വയസ്സിലാണ് ചന്ദ്രശേഖരൻനായർ യൂണിഫോമണിഞ്ഞത്. പിന്നീട് നായിക് പദവിയിലെത്തി.

രാജ്യത്തെ സേവിക്കണമെന്ന വലിയ മോഹം ആ സൈനികനുണ്ടായിരുന്നെന്ന് അമ്മിണിയമ്മ പറയുന്നു. പത്തനാട് ദേവസ്വം ബോർഡ് ഹൈസ്‌കൂളിലെ അധ്യാപികയായിരുന്ന അമ്മിണിയമ്മ ജോലികഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ഭർത്താവ് മരിച്ചെന്ന വിവരം എങ്ങനെയോ അറിയുന്നത്. എന്തുചെയ്യണമെന്നോ എങ്ങോട്ട് പോകണമെന്നോ അറിയില്ല. വാർത്താവിനിമയ ഉപാധികളൊന്നും കാര്യമായി ഉണ്ടായിരുന്നില്ല. മാസങ്ങൾക്ക് ശേഷം റെജിമെന്റിൽ നിന്നുവന്ന മരണം സ്ഥിരീകരിച്ച കടലാസുകളും യൂണിഫോമും അദ്ദേഹം ഉപയോഗിച്ചിരുന്ന വസ്തുക്കളും മാത്രമാണ് ഇവർക്ക് മിച്ചമായി കിട്ടിയത്.

പിന്നീട് രണ്ട് മരണാനന്തര ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചു. വീട്ടിലുള്ള ചന്ദ്രശേഖരൻനായരുടെ ഒരുബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രവും അമ്മ പറഞ്ഞ ഓർമകളും മാത്രമാണ് സതീഷ്ചന്ദ്രന് അച്ഛൻ. എങ്കിലും 56 വർഷം മുൻപ് രാജ്യത്തിനായി പോരാടി മരിച്ച ധീരദേശാഭിമാനിയുടെ മകനായി ജനിച്ചതിൽ അഭിമാനിക്കുന്നുവെന്ന്‌ ഇദ്ദേഹം പറയുന്നത്.