ഗാന്ധിനഗർ : കോവിഡ് രോഗവ്യാപനം രണ്ടാംഘട്ടത്തിലേക്ക് എത്തി. ദിവസവും രോഗബാധിതരാവുന്നവരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞു. സർക്കാർ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിലെ ഇളവുകളും ആളുകളുടെ സമീപനവും രോഗബാധ വർധിപ്പിക്കാൻ കാരണമാകും. ആരോഗ്യപരമായ നിർദേശങ്ങൾ കർശനമായി പാലിക്കാതെ മഹാമാരിയെ പിടിച്ചുനിർത്താനാകില്ല.

കൈ ശുചിയാക്കൽ

ഒരുവർഷം മുമ്പ് കൊറോണ തുടങ്ങിയ സമയം എല്ലാ കവലകളിലും സ്ഥാപനങ്ങളിലും വീടുകൾക്ക്‌ മുന്നിലും വാഹനങ്ങളിലും വെള്ളം നിറച്ച ബക്കറ്റും സോപ്പും ഉണ്ടായിരുന്നു. ഇപ്പോൾ പലയിടത്തും ഈ സംവിധാനമില്ല. കോവിഡിനെ തുരത്താൻ കൈ ശുചിയാക്കുന്നതിലെ പ്രാധാന്യം മറക്കുന്നതിന്റെ തെളിവാണിത്.

സാമൂഹിക അകലം

കോട്ടയം മെഡിക്കൽ കോളേജ് അത്യാഹിതവിഭാഗത്തിലെ പണമടയ്ക്കുന്ന സ്ഥലം. പരിശോധനയ്ക്കായി പണം അടയ്ക്കാനെത്തിയ യുവാവ് സാമൂഹിക അകലം പാലിക്കാനായി മുന്നിൽനിന്ന ആളിൽനിന്നു അകലം പാലിച്ച് നിന്നു. പത്തുമിനിറ്റ്‌ കഴിഞ്ഞിട്ടും മുന്നോട്ട് നീങ്ങാനായില്ല. വരിയിലെ അകലം സൗകര്യമായിക്കണ്ട്‌ പിന്നാലെയെത്തിയവർ ഇടയ്ക്ക്‌ കയറി.

വാഹനങ്ങളിൽ

രോഗവ്യാപനം തടയാൻ വാഹനത്തിൽ പാലിക്കേണ്ട കാര്യങ്ങൾ ഏവർക്കുമറിയാം. വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ ശരീര ശുചിത്വം, സാമൂഹിക അകലം എന്നിവ കൃത്യമായി പാലിക്കണം. മുഖാവരണം നിർബന്ധമാക്കുക. വാഹന ഉപയോഗം കുറയ്ക്കാൻ ശ്രദ്ധിക്കുന്നതോടൊപ്പം നിശ്ചിത സമയത്ത് വാഹനം ശുചിയാക്കലും അണുവിമുക്തമാക്കലും വേണം.

സ്ഥാപനങ്ങളിൽ

കച്ചവടസ്ഥാപനങ്ങളിലും പൊതു സ്ഥലങ്ങളിലും എത്തുമ്പോൾ സാമൂഹിക അകലവും ശുചിത്വവും പാലിക്കണമെന്ന്‌ പലരും മറക്കുന്നു. ചുരുക്കം ചില സ്ഥാപനങ്ങളിൽ മാത്രം ഊഷ്മാവ് പരിശോധനയും സാനിറ്റൈസർ നൽകലും നടക്കുന്നു. ബാക്കി എല്ലായിടത്തും സാധാരണ പോലെ.

ഏറ്റുമാനൂർ : കമ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ ഒൻപതുമുതൽ മുതൽ വൈകീട്ട് അഞ്ച് വരെ ചെറുവാണ്ടൂർ സെൻറ് സെബാസ്റ്റ്യൻസ് എൽ.പി.എസിൽ 45 വയസ്സിനുമുകളിൽ പ്രായമുള്ളവർക്കുള്ള കോവിഡ് വാക്സിനേഷൻ ക്യാമ്പ് നടക്കും. ഏപ്രിൽ ഒൻപത് വെള്ളിയാഴ്ച കൊടുവത്താനം സെൻറ് ജോസഫ് പള്ളി ഹാൾ, ശനിയാഴ്ച വെട്ടിമുകൾ അമലാ ഓഡിറ്റോറിയം എന്നിവിടങ്ങളിലും വാക്സിനേഷൻ ക്യാമ്പുകൾ നടക്കും. ആധാർ കാർഡ്, ഫോൺനമ്പർ സഹിതം ക്യാമ്പിന് എത്തണമെന്ന് അഡ്മിനിസ്ടേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. എം.ഗീതാ ദേവി അറിയിച്ചു.

ഗാന്ധിനഗർ : കോവിഡ് രോഗവിമുക്തി നേടിയവർക്ക് 28 ദിവസത്തിനുശേഷം രക്തദാനം നടത്താം. പരിശോധനാഫലം നെഗറ്റിവായതിനുശേഷം 28 ദിവസത്തിന് ശേഷമാണ് രക്തം നൽകാവുന്നതാണ്. മറ്റ് അസുഖങ്ങളില്ലന്ന് ഉറപ്പാക്കണം. പ്രതിരോധമരുന്ന് രണ്ടാംഘട്ടം സ്വീകരിച്ചവർക്കും 28 ദിവസത്തിനുശേഷം രക്തം നൽകാമെന്ന് കോട്ടയം മെഡിക്കൽ കോളേജ് ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗം മെഡിക്കൽ ഓഫീസർ അസി. പ്രൊഫ. ഡോ. ചിത്ര ജയിംസ് അറിയിച്ചു.