റെജി സിറിയക് സെന്റ് തോമസ് എച്ച്.എസ്.എസ്. പാലാ

:നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെന്ന നിലയിൽ ജോലി ചെയ്തതിൽ അഭിമാനമുണ്ട്. ഇത്തവണ പോളിങ്‌ സാമഗ്രികളുടെ വിതരണവും ഏറ്റുവാങ്ങലുമായിരുന്നു ജോലി. സാധാരണ സ്‌കൂൾ അധ്യാപകരെ ഇത്തരം ജോലികൾ ഏൽപ്പിക്കാറില്ലായിരുന്നു. അതിനാൽ തെല്ല് ആശങ്കയോടെയാണ് എത്തിയത്. കാര്യങ്ങൾ കുറച്ചുകൂടി പഠിക്കാമല്ലോ എന്ന ചിന്തയും ഉണ്ടായിരുന്നു. പാലാ നിയോജകമണ്ഡലത്തിൽ കാർമൽ പബ്ലിക് സ്‌കൂളിലായിരുന്നു ജോലി. തിരഞ്ഞെടുപ്പിനായി മാസങ്ങളായി രാപകലന്യേ കഠിനാധ്വാനം ചെയ്തുവരുന്ന ഒരു കൂട്ടം ഉദ്യോഗസ്ഥരോട് അങ്ങേയറ്റം ആദരവും ബഹുമാനവും തോന്നിയ നിമിഷങ്ങളായിരുന്നു അത്.

അവരുടെ ദീർഘനാളത്തെ പ്രവർത്തനങ്ങളുടെയും കൃത്യമായ ആസൂത്രണങ്ങളുടെയും ഫലമായാണ് തിരഞ്ഞെടുപ്പ് കുറ്റമറ്റതായി നടക്കുന്നതെന്ന് അറിയാമായിരുന്നുവെങ്കിലും ഇത്രത്തോളമുണ്ടെന്നറിഞ്ഞത് അതിൽ പങ്കാളി ആയപ്പോൾ മാത്രമാണ്. പോളിങ് ഉദ്യോഗസ്ഥർ സാമഗ്രികൾ ഏറ്റുവാങ്ങുമ്പോൾ തങ്ങൾ ചെല്ലുന്ന ബൂത്തിലെ അവസ്ഥയെക്കുറിച്ചുള്ള ആശങ്ക പങ്കുവച്ചിരുന്നു. ‘നിങ്ങൾ ഒന്നും പേടിക്കണ്ടാ, ഏത് സാഹചര്യത്തിലും പിന്തുണയുമായി ഒരു ടീം നിങ്ങൾക്ക് പിന്നിൽ ഉണ്ടെന്ന്’ പറഞ്ഞപ്പോൾ അവരുടെ മുഖത്ത് തെളിഞ്ഞ ആശ്വാസം ഒന്നു കാണേണ്ടതായിരുന്നു. പിറ്റേ ദിവസം പോളിങ് കഴിഞ്ഞ് രാത്രി എട്ടരയോടെ ആദ്യത്തെ ടീം വന്നെത്തിയപ്പോൾ ഞങ്ങൾ എല്ലാവരും എഴുന്നേറ്റുനിന്ന് കൈയടിച്ചാണ് സ്വാഗതം ചെയ്തത്.

രണ്ടുദിവസത്തെ തിരഞ്ഞെടുപ്പ് ജോലികൾക്ക് ശേഷം മടങ്ങി വരുന്നവരെ ഏറ്റവും ഹൃദ്യമായി സ്വീകരിക്കാൻ ഞങ്ങൾക്ക് നിർദേശമുണ്ടായിരുന്നു. വളരെ ക്ഷീണത്തോടെ വരുന്ന അവർക്ക് യാതൊരുവിധ പ്രയാസങ്ങളും ഉണ്ടാകാതെ അവരെ സഹായിക്കണമെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു. മുൻകാലങ്ങളിൽ തിരഞ്ഞെടുപ്പ് സാമഗ്രികളുമായി കേന്ദ്രത്തിൽ എത്തുമ്പോൾ ഉണ്ടായ ദുരനുഭവങ്ങളായിരുന്നു ഞങ്ങളെ ആ തീരുമാനത്തിന് പ്രേരിപ്പിച്ചത്. തങ്ങൾ കൊണ്ടുവന്ന സാധനങ്ങളും തങ്ങൾ പൂരിപ്പിച്ച കാര്യങ്ങളും ശരിയാണോ എന്ന് പരിഭ്രമത്തോടെയാണ് ഓരോ ടീമും പോളിങ് സാമഗ്രികളുമായി എത്തിച്ചേരുന്നത്. എത്രയോ രേഖകൾ എന്തുമാത്രം കവറുകളിലാക്കിയാണ് അവർ കൊണ്ടുവരുന്നത്. ബാലറ്റ് ഉപകരണങ്ങളും ബന്ധപ്പെട്ട രേഖകളും മടക്കി വാങ്ങിയപ്പോൾ സഹായം വേണ്ടവർക്കെല്ലാം സഹായം നൽകിയാണ് പറഞ്ഞുവിട്ടത്. ജോലികളെല്ലാം പൂർത്തിയാക്കി വെളുപ്പിന് മൂന്ന് മണിക്കാണ് വീട്ടിലെത്തിയത്. ഇനിയും തിരഞ്ഞെടുപ്പുകളിൽ പങ്കെടുക്കാൻ അവസരം കിട്ടിയാൽ സന്തോഷത്തോടെ സ്വീകരിക്കണമെന്ന തീരുമാനത്തോടെയാണ്.