തികഞ്ഞ ആത്മവിശ്വാസത്തിൽ

യു.ഡി.എഫ്. അധികാരത്തിൽ വരുമെന്ന്‌ ഉറപ്പുണ്ട്‌. . സർക്കാരിനെതിരായുള്ള ജനവികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. കേരളത്തിലെ ബഹുഭൂരിപക്ഷം നിയമസഭാ മണ്ഡലങ്ങളിലും ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥികൾ വൻ ഭൂരിപക്ഷത്തോടെ വിജയിക്കും.

ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി നടത്തിയ പ്രതികരണം അത്ഭുതപ്പെടുത്തി. ശബരിമലയിൽ അയ്യപ്പനുണ്ട് എന്നൊരുതോന്നൽ മുഖ്യമന്ത്രിക്ക്‌ ഉണ്ടായല്ലോ? അത് തന്നെ അദ്ദേഹത്തിന്റെ നെഞ്ചിടിപ്പ് വർധിച്ചതുകൊണ്ടാണ്.

തിരുവഞ്ചൂർ രാധാകൃഷ്ണൻ

(കോട്ടയം നിയോജകമണ്ഡലം യു.ഡി.എഫ്.സ്ഥാനാർഥി)

വിജയം സുനിശ്ചിതം

പതിനായിരം വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നാണ്‌ വിശ്വാസം. മണ്ഡലത്തിലെ പനച്ചിക്കാട് ഇടതുകേന്ദ്രമാണ്. 2019-ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ 13,500 വോട്ടിന്റെ വിത്യാസം മാത്രമാണ് രണ്ടുമുന്നണികൾ തമ്മിലുണ്ടായിരുന്നത്. 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 1600 വോട്ടിന്റെ ഭൂരിപക്ഷം മണ്ഡലത്തിലുണ്ട്. ലോക മാതൃകയായ മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ നദീസംയോജന പദ്ധതിക്ക് തുടർച്ച വേണം. "പ്രളയരഹിത കോട്ടയം" എന്ന വിശാലമായ പദ്ധതിക്കായി നിലകൊള്ളും.

അഡ്വ. കെ.അനിൽകുമാർ

(കോട്ടയം നിയോജകമണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി)

ബി.ജെ.പി.വരണം

നല്ല വിജയപ്രതീക്ഷയുണ്ട്. കേരളത്തിലെ സാധാരണക്കാരന് അനുഭവവേദ്യമായ വികസനം വിവിധ മേഖലകളിൽ കൊണ്ടുവരാൻ ഒരുമുന്നണിക്കും സാധിച്ചിട്ടില്ല. സ്വയം പര്യാപ്തത എന്നത് മലയാളിക്ക്‌ ഇന്ന് അന്യമാണ്.

ഇതിനുകാരണം മാറിമാറി ഭരിച്ച രാഷ്ട്രീയ പാർട്ടികളാണ്. കേരളം രൂപവത്കരിച്ചശേഷം സി.പി.എമ്മിനെയും കോൺഗ്രസിനെയും മാത്രം ചുമലിലേറ്റിയ ജനങ്ങളിനി ബി.ജെ.പി.വരുന്നതിനെക്കുറിച്ച് മാറി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വികസനസാധ്യതയ്ക്കായി ബി.ജെ.പി.വരേണ്ടതുണ്ട്.

മിനർവ മോഹൻ

(കോട്ടയം നിയോജകമണ്ഡലം എൻ.ഡി.എ.സ്ഥാനാർഥി)