തീക്കോയി : ഈരാറ്റുപേട്ട-വാഗമൺ റോഡിലെ ആളൊഴിഞ്ഞ ഭാഗങ്ങൾ മാലിന്യകേന്ദ്രങ്ങളാകുന്നു. തീക്കോയി പഞ്ചായത്തിന്റെ പരിധിയിലുള്ള ഒറ്റയീട്ടിമുതൽ കാരികാട് ടോപ്പ് വരെയുള്ള ഭാഗത്താണ് ഏറ്റവുമധികം മാലിന്യം തള്ളിയിരിക്കുന്നത്. വാഗമണിലേക്കുള്ള വിനോദ സഞ്ചാരികളും വഴിയോര കച്ചവടക്കാരുമാണ് ഇവിടെ മാലിന്യം തള്ളുന്നത്.

നേരത്തെ നാട്ടുകാർ സംഘടിച്ചിരുന്നു. രാത്രികാല പരിശോധനകൾ കർശനമാക്കിയതോടെ മാലിന്യനിക്ഷേപത്തിന് കുറവുവന്നിരുന്നു. എന്നാൽ, ഇപ്പോൾ വീണ്ടും മാലിന്യനിക്ഷേപം കൂടിയതോടെ പരിശോധനകൾ നടത്താനുള്ള തീരുമാനത്തിലാണ് നാട്ടുകാർ. ഇതോടൊപ്പം അധികൃതർക്കായി ഏതാനും നിർദേശങ്ങളും പ്രദേശവാസികൾ പറയുന്നു.

നിർദേശങ്ങൾ

മാലിന്യനിക്ഷേപവും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിന് പ്രദേശത്ത് ക്യാമറകൾ സ്ഥാപിക്കണം. റോഡിൽ മുന്നറിയിപ്പുബോർഡുകൾ സ്ഥാപിക്കണം. മാലിന്യം നിക്ഷേപിക്കുന്ന വാഹനങ്ങൾ കണ്ടെത്തിയാൽ നിയമ നടപടികൾ സ്വീകരിക്കണം. വഴിയോരത്ത് വാഹനങ്ങൾ പാർക്കുചെയ്യാനും കാഴ്ചകൾ കാണാനും സൗകര്യമൊരുക്കണം. ഇവിടെ ടോയ്‌ലറ്റുകളും സ്ഥാപിക്കണം. വിനോദസഞ്ചാരികൾക്ക് ഇരുന്ന് ഭക്ഷണം കഴിച്ചുപോകാനുള്ള സൗകര്യങ്ങൾ ഒരുക്കണം.

ഇത്തരം വിശ്രമകേന്ദ്രങ്ങളിൽ കുടുംബശ്രീയെ നടത്തിപ്പുകാരാക്കി പ്രാദേശിക ഉത്‌പന്നങ്ങളുടെയും മറ്റും വിൽപ്പനയിലൂടെ വരുമാനം കണ്ടെത്താനും അനുമതി നൽകണം. ഹരിതകർമ സേനാംഗങ്ങൾ സ്‌കൂട്ടറിൽ ഇരുദിശയിൽനിന്നും സഞ്ചരിക്കണം. നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് സംഭവസ്ഥലത്ത് തന്നെ പിഴ ഈടാക്കാനുള്ള നടപടിയും ഉണ്ടാകണം. വാഹനങ്ങളിൽനിന്ന്‌ വലിച്ചെറിയുന്നവർക്കെതിരേയും നടപടി എടുക്കണം.