കുമാരനല്ലൂർ : ആരോഗ്യക്കിറ്റ് വിതരണം ചെയ്ത് കുമാരനല്ലൂർ ഗവ.യു.പി.സ്കൂളിലെ ‘മാതൃഭൂമി’ സീഡ് അംഗങ്ങളുടെ ലോകാരോഗ്യദിനാചരണം. സ്കൂളിലെ ഏഴാംതരത്തിലെ കുട്ടികൾ ചെറിയ ക്ലാസുകളിലെ കുട്ടികളുടെ വീടുകളിലാണ് ആരോഗ്യക്കിറ്റ് എത്തിച്ചത്. സോപ്പ്, മാസ്ക്, തൂവാല, ഗ്ലൂക്കോസ് എന്നിവയോടൊപ്പം കുട്ടികൾക്ക് ചിത്രരചനയിലൂടെ മാനസികോല്ലാസം പകരാൻ ക്രയോൺസും കിറ്റിൽ ഉൾക്കൊള്ളിച്ചിരുന്നു. കോവിഡ് വ്യാപനം ഫലപ്രദമായി തടയാനുള്ള മുൻകരുതലുകൾ എന്തൊക്കെയെന്ന് വിശദീകരിച്ചാണ് മുതിർന്നവർ കൊച്ചു കൂട്ടുകാർക്ക് സമ്മാനം നൽകിയത്. പ്രീ-പ്രൈമറി വിഭാഗത്തിലെ 16 കുട്ടികൾക്ക് കിറ്റെത്തിച്ചു നൽകി. അധ്യാപകരായ ഷെമീന അസീസ്, ശുഭ ആർ.കർത്ത, സീഡ് റിപ്പോർട്ടർ പി.എസ്.പാർവതി എന്നിവർ ആരോഗ്യക്കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.