വൈക്കം : തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ പ്രധാനകേന്ദ്രമായിരുന്ന സത്യാഗ്രഹസ്മാരക ആശ്രമം സ്കൂളിൽ വ്യാഴാഴ്ച തുടങ്ങുന്ന പരീക്ഷകൾക്ക് സൗകര്യം ഒരുക്കി.

കൗണ്ടിങ് സ്റ്റേഷനായി ആശ്രമം സ്കൂളാണ് റവന്യൂ വകുപ്പ് തിരഞ്ഞെടുത്തത്. ഇരുപത് ദിവസമായി തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ എല്ലാകാര്യങ്ങളും ഇവിടെയാണ് നടത്തിയിരുന്നത്. റവന്യൂ വകുപ്പ് കൈകാര്യം ചെയ്തിരുന്ന ഏതാനും കെട്ടിടങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. ഇലക്‌ട്രോണിക് മെഷീനുകൾ സൂക്ഷിക്കാനുള്ള സ്ട്രോങ് റൂമിനും കാവൽക്കാരായുള്ള കേന്ദ്രസേനയ്ക്കും കേരള പോലീസിനുമായി സ്കൂളിലെ ഏറ്റവും വലിയ കെട്ടിടസമുച്ചയമാണ് മാറ്റിയിട്ടുള്ളത്. ശേഷിച്ച കെട്ടിടസൗകര്യങ്ങൾ ക്രമീകരിച്ചാണ് വിദ്യാർഥികൾക്ക് ഇരിപ്പിടം ഒരുക്കുന്നത്. വോട്ടെടുപ്പിന്റെ ഭാഗമായി ഡിസ്ട്രിബ്യൂഷൻ സെന്റർ, ഉദ്യോഗസ്ഥർക്ക് മൂന്ന് ഘട്ടമായുള്ള പരിശീലനം, മാതൃകാ പിങ്ക് ബൂത്ത്, പോളിങ് ഉദ്യോഗസ്ഥർക്കായുള്ള വിശ്രമകേന്ദ്രം എന്നിവയ്ക്ക് സ്കൂളിലെ കെട്ടിടമാണ്‌ ഉപയോഗിച്ചത്.

വ്യാഴാഴ്ച ഹയർ സെക്കൻഡറി വിഭാഗത്തിൽ 175 വിദ്യാർഥികൾ, വി.എച്ച്.എസ്.ഇ.യിൽ 150, എസ്.എസ്.എൽ.സി.ക്ക് 272 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. എട്ടിന് തുടങ്ങുന്ന പരീക്ഷ 28-നാണ് അവസാനിക്കുന്നത്.

പരമാവധി സ്ഥലം ക്രമീകരിച്ച് പരീക്ഷ നടത്താനുള്ള ശ്രമത്തിലാണ് അധ്യാപകർ. പ്രിസിപ്പൽ എ.ജ്യോതി, അധ്യാപകരായ റെജി എസ്.നായർ, മഞ്ജു എസ്.നായർ, ബി.സുചിത്ര, ടി.ജി.നിഷാമോൾ, എസ്.രാജി, വൈ.ബിന്ദു, എ.ആർ.ധന്യാമോൾ എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസ്‌മുറികൾ ക്രമീകരിച്ചത്.