ചങ്ങനാശ്ശേരി : പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ നഗരസഭ മുഖംനോക്കാതെ പിഴ ഈടാക്കി തുടങ്ങി. ആരോഗ്യവകുപ്പ് സ്‌ക്വാഡ് നടത്തുന്ന പട്രോളിങ്ങിെന്റ അടിസ്ഥാനത്തിലാണ് നടപടികൾ കർശനമാക്കിയത്.

ചങ്ങനാശ്ശേരി ബൈപ്പാസ് ഉൾപ്പെടെ റോഡുകൾ, മാർക്കറ്റ് ഭാഗം, വിവിധ തോടുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന ശക്തമാക്കിയത്.

ആരും അറിയില്ലെന്ന്‌ കരുതിയാണ് പലരും ഇരുട്ടിന്റെ മറവിൽ പൊതുസ്ഥലങ്ങളിൽ മാലിന്യം ചാക്കുകളിലും പ്ലാസ്റ്റിക് കൂടുകളിലുമാക്കി തള്ളുന്നത്. ഈ മാലിന്യച്ചാക്കുകൾ ആരോഗ്യവകുപ്പ് ജീവനക്കാർ സൂക്ഷ്മമായി ചികഞ്ഞ് പരിശോധിച്ചാണ് മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിനുള്ള തുമ്പുണ്ടാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി നഗരസഭ വൃത്തിയാക്കിയ ആവണിത്തോടിന്റെ കുറുക്കൻപറമ്പ് ഭാഗത്ത് മാലിന്യം തള്ളിയ ആളെ നഗരസഭാ ആരോഗ്യവകുപ്പ് കണ്ടെത്തി പിഴ ഈടാക്കി.