കോട്ടയം : ജില്ലയിലെ 252 സ്കൂളുകളിലായി 19,784 വിദ്യാർഥികൾ വ്യാഴാഴ്ചമുതൽ പത്താം ക്ലാസ് പരീക്ഷ എഴുതും. കോവിഡ് ജാഗ്രതാ നിർദേശങ്ങൾ കർശനമായി പാലിച്ച് എസ്.എസ്.എൽ.സി. പരീക്ഷ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ചുമതല വഹിക്കുന്ന കെ.ബിന്ദു അറിയിച്ചു.

പരീക്ഷാ കേന്ദ്രങ്ങളിൽ 66 സർക്കാർ സ്കൂളുകളും 168 എയ്ഡഡ് സ്കൂളുകളും 12 അൺ എയ്ഡഡ് സ്കൂളുകളും ആറ് ടെക്നിക്കൽ സ്കൂളുകളും ഉൾപ്പെടുന്നു. പരീക്ഷ എഴുതുന്നവരിൽ 10,153 പേർ ആൺകുട്ടികളും 9631 പേർ പെൺകുട്ടികളുമാണ്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട 2078 പേരും പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട 298 പേരുമുണ്ട്.

ക്രമീകരണം ഇങ്ങനെ

ഒരു ബെഞ്ചിൽ രണ്ടുപേർ വീതം എന്ന ക്രമത്തിൽ 20 കുട്ടികളാണ് ഒരു ക്ലാസ് റൂമിൽ പരീക്ഷ എഴുതുക. മാസ്ക് നിർബന്ധമാണ്. ശരീരോഷ്മാവ് പരിശോധിച്ചശേഷം ഓരോ കുട്ടിയെ വീതമാണ് സ്കൂളിലേക്ക് പ്രവേശിപ്പിക്കുക. സ്കൂൾ കവാടത്തിനുസമീപം കൈ കഴുകുന്നതിന് വെള്ളവും സോപ്പും ഉണ്ടായിരിക്കും.

ക്ലാസിൽ പ്രവേശിക്കുന്നതിനുമുൻപ് കൈകൾ ശുചീകരിക്കാൻ സാനിറ്റൈസർ നൽകും. കോവിഡ് ബാധിച്ചവർക്കും ക്വാ‍റൻറീനിൽ കഴിയുന്നവർക്കും പരീക്ഷ എഴുതുന്നതിന് പ്രത്യേക മുറികൾ സജ്ജീകരിച്ചിട്ടുണ്ട്. ഇത്തരം വിദ്യാർഥികൾ പി.പി.ഇ. കിറ്റ് ധരിച്ചാണ് എത്തേണ്ടത്. ഈ ക്ലാസ് മുറികളിലെ ഇൻവിജിലേറ്റർമാരും പി.പി.ഇ. കിറ്റ് ധരിക്കും. ഇവരുടെ ചോദ്യക്കടലാസുകളും ഉത്തരക്കടലാസുകളും പ്രത്യേകമായാണ് കൈകാര്യം ചെയ്യുക. എല്ലാ പരീക്ഷാ കേന്ദ്രങ്ങളും അഗ്നിരക്ഷാ സേന അണുവിമുക്തമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് കുടിവെള്ള ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്. ഈ മാസം 29-നാണ് പരീക്ഷ അവസാനിക്കുക.

നേരത്തെ നടത്തിയാൽ മതിയായിരുന്നു

പരീക്ഷ നീട്ടിവയ്ക്കേണ്ടതില്ലായിരുന്നു. കുട്ടികൾ പരീക്ഷയെ നേരിടാനായി മാനസികമായി തയ്യാറെടുത്തപ്പോഴാണ് പരീക്ഷ നീട്ടിവെച്ചത്. ഇതോടെ പലരും പഠനത്തിൽ അലംഭാവം വരുത്തിയിട്ടുണ്ട്. അധ്യാപകർ കുട്ടികൾക്ക് ശക്തമായ പരിശീലനമാണ് നൽകിയത്. അത് റിസൾട്ടിൽ പ്രകടമാകും.

എബി വർഗീസ്,

അധ്യാപകൻ, സെന്റ് തെരേസാസ് ഗേൾസ് സ്‌കൂൾ നെടുംകുന്നം.

നന്നായി പഠിക്കാനായി

കൂടുതൽ അവധി കിട്ടിയതോടെ നന്നായി പാഠഭാഗങ്ങൾ പഠിക്കാനും സംശയമുള്ള ഭാഗങ്ങൾ വീണ്ടും നന്നായി മനസ്സിലാക്കാനും കഴിഞ്ഞു. ഓൺലൈൻ ക്ലാസുകളും അധ്യാപകരുടെ പ്രത്യേക പരിശീലനവും ഏറെ ഉപകാരമായി. പരീക്ഷയെ ധൈര്യപൂർവം നേരിടാൻ കഴിയും.

അനഘാഷാജി,

വിദ്യാർഥിനി, നെടുംകുന്നം ഗവ.ഹൈസ്‌കൂൾ.

എല്ലാം സജ്ജം

കുട്ടികൾ പരീക്ഷ എഴുതുന്നു. കോവിഡ് സുരക്ഷ പാലിക്കുന്നുണ്ട്. കരുതലുകൾ പൂർത്തിയായി. സാനിറ്റൈസർ, സോപ്പ്, വെള്ളം എന്നിവ സജ്ജം.

വി.എം.ബിന്ദു

പ്രഥമാധ്യാപിക, സെൻറ് ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ, മുണ്ടക്കയം.

ആത്മവിശ്വാസത്തോടെ

പെൺകുട്ടികളും 75 ആൺകുട്ടികളുമടക്കം 169 കുട്ടികളാണ് പരീക്ഷയെഴുതുന്നത്. പഠനവുമായി ബന്ധപ്പെട്ട് പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി പ്രത്യേക ക്ലാസുകൾ എടുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പൂർത്തിയാക്കി. ക്ലാസ്‌മുറികൾ, ഇരിപ്പിടങ്ങൾ, ഓഫീസ്, സ്റ്റാഫ് റൂം എന്നിവയടക്കം സാനിെറ്റെസ് ചെയ്തു. കോവിഡ് മാനദണ്ഡം പൂർണമായും പാലിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്തിക്കഴിഞ്ഞു.

സി.എസ്.സിജു,

പ്രഥമാധ്യാപകൻ സി.കെ.എം.എച്ച്.എസ്.കോരൂത്തോട്.

എ പ്ലസ് ഉറപ്പ്

തികഞ്ഞ ആത്മവിശ്വാസത്തിലാണ് പരീക്ഷയെ നേരിടുന്നത്. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടും. അധ്യാപകരും മാതാപിതാക്കളും എല്ലാ പിൻതുണയുമായി ഒപ്പമുണ്ടായിരുന്നത് കുടുതൽ ആത്മവിശ്വാസത്തിനിടയാക്കി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷ എഴുതും.

അമിത ടോണി

വിദ്യാർഥിനി, സെൻറ് ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ, മുണ്ടക്കയം.

മറക്കാനാവാത്ത അനുഭവം

മോഡൽ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും മുഴുവൻ മാർക്ക് നേടാനായതിന്റെ ആഹ്ളാദത്തിലാണ് പരീക്ഷ എഴുതുന്നത്. അധ്യാപകരുടെയും മാതാപിതാക്കളുടെയും പിന്തുണ മികച്ച വിജയത്തിന് വഴിയൊരുക്കും. കോവിഡ് കാലത്തെ പരീക്ഷ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാകും.

അഞ്ജന ഗിരീഷ്,

വിദ്യാർഥിനി, സി.കെ.എം.എച്ച്.എസ്. കോരൂത്തോട്. കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പുജോലി തീർന്നതിന് തൊട്ടുപിന്നാലെ തിരഞ്ഞെടുപ്പ് ജോലിയിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപക, അനധ്യാപക ജീവനക്കാരും. മാർച്ച് 17-ന് ആരംഭിച്ച് 30-ന് അവസാനിക്കുന്ന രീതിയിൽ നടത്താനിരുന്ന പരീക്ഷകൾ നിയമസഭാ തിരഞ്ഞെടുപ്പുമൂലം ഏപ്രിൽ എട്ടിന് ആരംഭിക്കുംവിധം പുനഃക്രമീകരിക്കുകയായിരുന്നു.

പരീക്ഷയ്ക്ക് ഹാൾ തയ്യാറാക്കൽ, വൃത്തിയാക്കൽ, കോവിഡ് ക്രമീകരണങ്ങൾ തുടങ്ങിയവയ്ക്ക് ലഭിച്ചത് ഒരുദിവസം മാത്രമാണ്. മുമ്പ് എല്ലാ പരീക്ഷകൾക്കും സ്കൂളിൽ അടിസ്ഥാന സൗകര്യമൊരുക്കാൻ മൂന്നുദിവസമെങ്കിലും എടുത്തിരുന്നു. പോളിങ് സ്റ്റേഷനുകൾ പ്രവർത്തിച്ചതിനുശേഷം അലങ്കോലമായ നിലയിലായിരുന്നു സ്കൂളുകൾ.

പരിസരം വൃത്തിയാക്കൽ, ഫർണീച്ചറുകൾ ക്രമീകരിക്കൽ തുടങ്ങിയ ജോലികൾ ചെയ്യാൻ ഓരോ സ്കൂളിലും രണ്ടോ മൂന്നോ ജീവനക്കാർ മാത്രമാണുള്ളത്. ജീവനക്കാർ ചൊവ്വാഴ്ച രാത്രി 12 മണിവരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിചെയ്ത് വീട്ടിലെത്തിയത് ബുധനാഴ്ച പുലർച്ചെയും.

ബുധനാഴ്ച തന്നെ പരീക്ഷാക്രമീകരണത്തിന് ഇവർ ഹാജരായി. ഈ ജോലി ഇവരെയല്ലാതെ മറ്റാരെയെങ്കിലും ഏൽപ്പിക്കാൻ സാങ്കേതികമായി തടസ്സങ്ങളുമുണ്ട്. അധ്യാപക, അനധ്യാപക ജീവനക്കാർ തിരഞ്ഞെടുപ്പ് ജോലികഴിഞ്ഞ് എസ്.എസ്.എൽ.സി. സേവനത്തിൽ

തിരഞ്ഞെടുപ്പ് ചുമതല ഒഴിവാക്കണം

എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി പരീക്ഷാ ജോലിക്ക് നിയോഗിക്കുന്ന അധ്യാപകർക്ക് തിരഞ്ഞെടുപ്പുജോലി കഴിഞ്ഞ് അടുത്ത പകൽ വിശ്രമിക്കാൻ സമയം കിട്ടും. അനധ്യാപക ജീവനക്കാർ 48 മണിക്കൂർ ജോലികഴിഞ്ഞ് അടുത്ത 12 മണിക്കൂർ കൂടി അധ്വാനിക്കണം. സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ഇത്തരം ജീവനക്കാരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽനിന്ന് ഇനിയെങ്കിലും ഒഴിവാക്കേണ്ടതുണ്ട്.

എൻ.വി.മധു

(എയ്ഡഡ് സ്‌കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്)