കോട്ടയം : മീനച്ചിലാറിന്റെ കൈവഴികളിലും പടിഞ്ഞാറൻ ഇടത്തോടുകളിലും പോള നിറഞ്ഞ് ജലഗതാഗതം സ്തംഭിച്ചു. അയ്‌മനം, ആർപ്പൂക്കര, നീണ്ടൂർ, തിരുവാർപ്പ്, വെച്ചൂർ തുടങ്ങിയ പട്ടിഞ്ഞാറൻ മേഖലയിൽ നാട്ടുകാർ ദൈനംദിനാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പുഴവെള്ളം പോള അഴുകി മലിനമായി. പുഴയോരങ്ങളിൽ ദുർഗന്ധം പരക്കുന്നുമുണ്ട്.

തണ്ണീർമുക്കം ബണ്ടിന്റെ തെക്കുഭാഗത്തുനിന്ന് രണ്ടാഴ്ചയായി വേലിയേറ്റ സമയങ്ങളിൽ കയറിവരുന്ന പോളയാണ് കവണാർ, പെണ്ണാർ, കൈപ്പുഴയാർ, കെ.വി.കനാൽ (കോട്ടയം-വൈക്കം കനാൽ) എന്നീ പുഴകളിലേക്ക് കയറി പൂത്തുലഞ്ഞ് അഴുകുന്നത്. അയ്‌മനം, കരീമഠം ഭാഗങ്ങളിൽ പോള അഴുകി ദുർഗന്ധവും വെള്ളത്തിന് പുളിരസവും ഉണ്ട്.

ഉൾനാടൻ ജല ഗതാഗതം പാടെ നിലച്ചു. മേനോൻകരി-മണിയാപറമ്പ് 450 ഏക്കർ പാടത്ത് പുഞ്ചക്കൊയ്ത്ത് നടക്കുകയാണ്. വിളവെടുക്കുന്ന നെല്ല്, തോടുകളിൽ വള്ളം ഇറക്കാൻ കഴിയാത്തതുകൊണ്ട് കെട്ടിക്കിടക്കുന്ന സ്ഥിതിയുണ്ടെന്ന് കർഷക കോൺഗ്രസ് പാഡി സെൽ കൺവീനർ ഇട്ടി പതിനെട്ടിൽ അറിയിച്ചു. പോളശല്യം ഗുരുതരമായ സാഹചര്യത്തിൽ തണ്ണീർമുക്കം ഷട്ടർ തുറക്കുന്നതിന് അടിയന്തര നടപടി വേണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.