നെടുംകുന്നം : ഒന്ന്, മൂന്ന് വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നെടുംകുഴി-വള്ളിമല റോഡ് പുനർനിർമിക്കണമെന്ന ആവശ്യം ശക്തം. ജനവാസകേന്ദ്രത്തിലൂടെ പോകുന്ന ഗ്രാമീണറോഡ് കാലപ്പഴക്കത്താൽ തകർന്ന നിലയിലാണ്. റോഡിന്റെ തുടക്കഭാഗങ്ങളിൽ മാത്രമാണ് കോൺക്രീറ്റ് ചെയ്തിട്ടുള്ളത്. അവശേഷിക്കുന്ന ഭാഗങ്ങൾ മണ്ണും ചരലും നിറഞ്ഞുകിടക്കുകയാണ്. മഴ പെയ്താൽ റോഡിൽ വെള്ളക്കെട്ട് രൂക്ഷമാണ്. വാഹനങ്ങൾ കയറി പലഭാഗങ്ങളിലും റോഡ് താഴ്ന്നുതുടങ്ങി. മാന്തുരുത്തി, നെടുംകുന്നം ഭാഗങ്ങളിലേക്ക് പോകാനായി നാട്ടുകാർ ഉപയോഗിക്കുന്ന ഏകമാർഗമാണ് ഈ റോഡ്. സെന്റ് പോൾസ് പള്ളിയിലേക്കടക്കം നൂറുകണക്കിന് യാത്രക്കാർ സഞ്ചരിക്കുന്ന റോഡാണിത്. തകർന്ന റോഡ് പുനർനിർമിക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.