പമ്പാവാലി : മേസ്തിരി തൊഴിലാളി ആയിരുന്നു ആറാട്ടുകയം തിനവിളയിൽ മൈക്കിൾ. അഞ്ച് വർഷം മുമ്പ് പക്ഷാഘാതം വന്ന് ഒരുവശം തളർന്ന് കിടപ്പിലാണ്. പരസഹായമില്ലാതെ എഴുന്നേൽക്കാനാവില്ല. മെഡിക്കൽ രേഖകൾ ഉൾപ്പെടെ തപാൽ വോട്ട് ചെയ്യാൻ അപേക്ഷ നൽകിയെങ്കിലും ലഭിച്ചില്ലായെന്ന് വീട്ടുകാർ പറയുന്നു. വോട്ട് രേഖപ്പെടുത്താൻ ആരും വീട്ടിലെത്തിയതുമില്ല.

ഭാര്യ മല്ലികയും മകൾ അനുവും അയൽവാസിയുടെ സഹായത്തോടെ കാറിലാണ് മൈക്കിളിനെ അഴുതമുന്നി 177-ാം നമ്പർ പോളിങ് ബൂത്തിൽ എത്തിച്ചത്. ഇരുചുമലുകൾക്കും ബലമേകി ഭാര്യയും മകളും ഒപ്പം നിന്നപ്പോൾ മനസ്സ് തളരാതെ മൈക്കിൾ സമ്മതിദാനാവകാശം വിനിയോഗിച്ചു. കാറിൽ നിന്നിറക്കി ബൂത്തിലെത്തിച്ച് വോട്ട് ചെയ്യിച്ചതും തിരികെ മടങ്ങുന്നതിനായി കാറിനുള്ളിൽ കയറ്റിയതും ഏറെ പ്രയാസപ്പെട്ടായിരുന്നു.