കോട്ടയം’ഇരട്ട വോട്ടല്ല: കോട്ടയം വയസ്കരക്കുന്ന് ഗവ.ടൗൺ എൽ.പി.സ്കൂളിലെ ബൂത്തിൽ ചൊവ്വാഴ്ച വോട്ടുചെയ്തശേഷം തിരിച്ചറിയൽ കാർഡ് കാണിക്കുന്ന ഇരട്ടകളായ ആരതിയും ആതിരയും’ -ഈ അടുക്കുറിപ്പോടെ ബുധനാഴ്ച മാതൃഭൂമി ദിനപ്പത്രത്തിന്റെ ഒന്നാംപേജിൽ അച്ചടിച്ച ഇരട്ടക്കുട്ടികളായ ആരതിയുടെയും ആതിരയുടെയും ജീവിതത്തിൽ ‘ഇരട്ട’ നൽകുന്ന കൗതുകങ്ങളിലാണ് ഇരട്ട തിരിച്ചറിയൽകാർഡും.

നിയമസഭാ തിരഞ്ഞെടുപ്പിലെ കന്നിവോട്ട് രേഖപ്പെടുത്തിയ ഇവർക്ക് തിരഞ്ഞെടുപ്പിന് മുമ്പേ കൂട്ടകാരുടെ അന്വേഷണം തേടിവന്നു. ‘നിങ്ങൾ ഇരട്ടകളായതുകൊണ്ട് ഇരട്ടവോട്ടുമുണ്ടോ.’ ‘ഇരട്ട വോട്ടി’ല്ലെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ‘രണ്ട് തിരിച്ചറിയിൽ കാർഡുണ്ട്. ഒരാൾക്ക് കിട്ടി. മറ്റൊന്ന് ഉടൻ കിട്ടും’.

ജീവിതത്തിൽ ജനനംമുതൽ അപൂർവ സാമ്യമുള്ളതാണ് ഈ ഇരുപതുകാരികൾ. കോട്ടയം വയസ്കരക്കുന്നിലെ ശ്രീപാദം വീട്ടിൽ എം.ആർ.സജീവിന്റെ മക്കളായ ആതിരയ്ക്കും ആരതിക്കുമാണ് കഴിഞ്ഞ നാലുമാസത്തിനുള്ളിൽ രണ്ടുവീതം തിരിച്ചറിയൽ കാർഡുകൾ തേടിയെത്തുന്നത്.

ചൊവ്വാഴ്ച കോട്ടയം ടൗൺ എൽ.പി.സ്കൂളിൽ വോട്ടുചെയ്യാൻ പോയപ്പോൾ ഇരുവരുടെയും കൈയിൽ ഒരേയൊരു തിരിച്ചറിയൽ കാർഡുമാത്രം. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ഇരുവർക്കും ആദ്യത്തെ കാർഡുകിട്ടിയത്. ഇരുവരും മൂന്നുമാസം മുമ്പ് നടന്ന നഗരസഭാ തിരഞ്ഞെടുപ്പിൽ കന്നിവോട്ട് രേഖപ്പെടുത്തി. എന്നാൽ, പിന്നീടാണ് ആരതിയുടെ കാർഡിൽ അച്ഛന്റെ പേരിനൊപ്പം ഇനീഷ്യൽ രേഖപ്പെടുത്തിയിട്ടില്ലായെന്ന് മനസ്സിലായത്. അതോടെ ഓൺലൈനിലൂടെ ഇക്കാര്യം അറിയിച്ചു. ഒരു കാർഡുകൂടി വീട്ടിലെ മേൽവിലാസത്തിൽ കിട്ടി. അതാകട്ടെ ആരതിയുടെ തെറ്റുതിരുത്തിയ കാർഡായിരുന്ന‌ില്ല. പകരം ആതിരയ്ക്ക് മറ്റൊരു പുതിയ കാർഡ്. അതാകട്ടെ തെറ്റായ വിവരങ്ങളുള്ളതും. ആതിരയുടെ ഇൗ തെറ്റായ കാർഡ് സ്ഥലത്തെ ബി.എൽ.ഒ.യെ മടക്കിയേൽപ്പിച്ചു.

അച്ഛന്റെ പേര് ചേർത്തുകിട്ടാൻ കൊടുത്ത ആരതിയുടെ കാർഡ് കൈയിൽ കിട്ടിയിട്ടില്ലെങ്കിലും തെറ്റുതിരുത്തിയ കാർഡ് തപാലിലെത്തിയെന്നും ഒപ്പിട്ട് വാങ്ങണമെന്നുമുള്ള വിവരമാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

ഇരട്ടക്കുട്ടികളായി ജനിച്ച ഇവർക്ക് ‘ഇരട്ടക്കാർഡു’ പോലെ പല കാര്യത്തിലുമുണ്ട് സാമ്യം. എൽ.കെ.ജി. മുതൽ ഒരേ ക്ളാസിൽ, ഒരേ ബെഞ്ചിലിരുന്ന് പഠിച്ചു. പരീക്ഷയ്ക്കുമാത്രം പല ക്ളാസുകളിൽ. എന്നാലും പത്താം ക്ളാസിലെയും പന്ത്രണ്ടാം ക്ളാസിലെയും ഫലം വന്നപ്പോൾ ഇരുവർക്കും ഒരേ മാർക്ക്. പത്തിൽ 72 ശതമാനം മാർക്ക്. പന്ത്രണ്ടിൽ 80 ശതമാനവും. നിലവിൽ ഇരുവരും കോട്ടയം സി.എം.എസ്. കോളേജിൽ ബി.കോമിന് പഠിക്കുന്നു. അതും ഒരേ ക്ളാസിൽ, ഒരേ ബഞ്ചിൽ. ഇപ്പോൾ വീട്ടിലിരുന്ന് ഓൺലൈൻ ക്ളാസിൽ ഇരുവരും അടുത്തടുത്തിരിക്കുന്നു. ഉപയോഗിക്കുന്ന ഫോണാകാട്ടെ ഒരേ കന്പനിയുടെ, ഒരേതരം ഫോൺ.