മള്ളിയൂർ: കാലംചെയ്ത, സ്വർണനാവിന്റെ തമ്പുരാൻ മാർ ക്രിസോസ്റ്റം തിരുമേനി ചിരിയിലൂടെ പകർന്നുനൽകിയ ആത്മീയത നേരിട്ടനുഭവിക്കാത്ത മള്ളിയൂർ ഭക്തർ ഉണ്ടാവില്ല. ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയെ സ്നേഹാദരവുകളോടെ കണ്ട അദ്ദേഹം മള്ളിയൂരിലെ സ്ഥിരംസന്ദർശകനായിരുന്നു. മള്ളിയൂരിലെ വിശേഷാവസരങ്ങളിലെ ചടങ്ങുകളിൽ ക്രിസോസ്റ്റം തിരുമേനിയും ഉണ്ടാകും. രണ്ട് ആത്മീയതേജസ്സുകളെ ഒന്നിച്ചുകാണുന്നതുതന്നെ ഭക്തർ പുണ്യമായി കരുതി.

‘ഞങ്ങളെ രണ്ടുപേരെയും ഞങ്ങളെക്കാൾ ജ്ഞാനമുള്ളവർ ‘തിരുമേനീ’ എന്ന് വിളിക്കും. എങ്കിലും തിരു‘മേനി’ മള്ളിയൂരാണ്. എന്റെ മേനി കാണണമെങ്കിൽ ഒരു കുപ്പായം അഴിച്ചാലും പറ്റില്ല. പ്രായത്തിൽ മൂന്നുവർഷം സീനിയർ ഞാനാണെങ്കിലും ജ്ഞാനത്തിൽ സീനിയർ മള്ളിയൂർ തിരുമേനിയാണ്.’

‘കർത്താവുതമ്പുരാനോട് ഒരപേക്ഷ... എന്നെ മുകളിലേക്ക് വിളിച്ചിട്ടേ അദ്ദേഹത്തെ വിളിക്കാവൂ. അല്ലെങ്കിൽ മള്ളിയൂർ ഇവിടെ ഇരിക്കുന്നു, സീറ്റില്ല എന്ന് അങ്ങ് പറയും. ഞാനങ്ങു വന്നുകഴിഞ്ഞാണെങ്കിൽ തമ്പുരാൻ എന്നോട് പറയും ‘മള്ളിയൂർ’ വരുന്നു. വാ, നമുക്ക് സ്വീകരിച്ച് ആ കനകസിംഹാസനത്തിൽ ഇരുത്താം എന്ന്.’ മള്ളിയൂരിന്റെ പിറന്നാളാഘോഷവേദിയിൽ ക്രിസോസ്റ്റം തിരുമേനി പറഞ്ഞതാണ് ഈ വാക്കുകൾ.

മാരാമണ്ണിലെ അരമനയിൽ മള്ളിയൂരിലേക്ക് ക്ഷണിക്കാൻ ചെന്നപ്പോഴും മറക്കാത്ത സ്വീകരണമാണ് അവർക്ക് ലഭിച്ചത്. ശ്രീകൃഷ്ണവിഗ്രഹം കാട്ടിയിട്ട് ‘ഇത് തിരുമേനി തന്നതാ. അത് ആദ്യം ഇരിക്കട്ടെ. രണ്ടാമതാണ് കർത്താവിനെ വച്ചിരിക്കുന്നത്. ‘കൃഷ്ണനും ക്രിസ്തുവും.’ ഒരാൾ ജയിലിലും ഒരാൾ തൊഴുത്തിലും ജനിച്ചു. രണ്ടുപേരും ഒരുപാട് അനുഭവിച്ചു. ഒരാളിന്റെ പാദത്തിൽനിന്നും ഒരാളുടെ ശിരസ്സിൽനിന്നും രക്തം വാർന്നു. എന്തൊരു സാമ്യം’ എന്ന് ഓർമിപ്പിക്കാനും അദ്ദേഹം ശ്രമിച്ചിരുന്നു.

ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരി ഓർമയായശേഷം ആയൂർ ഇളമാട് പുള്ളുണ്ണി മഹാവിഷ്ണു ക്ഷേത്രത്തിലെ ഭാഗവതസപ്താഹത്തിന് ഭദ്രദീപം തെളിച്ചത് ക്രിസോസ്റ്റം തിരുമേനിയായിരുന്നു. അവിടെ അദ്ദേഹം പറഞ്ഞ വാക്കുകളും മള്ളിയൂർ ഭക്തർക്ക് മറക്കാനാവാത്തതാണ്.

‘ഞാൻ പറഞ്ഞ എല്ലാ അപേക്ഷയും കർത്താവ് സ്വീകരിച്ചു. ഒരപേക്ഷ കണ്ടുകാണില്ല. മള്ളിയൂരിനെ ആദ്യം വിളിച്ചു. കർത്താവിനോട് പിണങ്ങി, ഞാൻ അന്ന്.’

പത്തിലേറെ തവണ മള്ളിയൂരിലെ വേദികളിൽ ക്രിസോസ്റ്റം തിരുമേനി എത്തിയിട്ടുണ്ട്. ഇരുവരും ആത്മീയത വിഷയമാക്കി ഏറെ സംസാരിച്ചിരുന്നു.