പാലാ : നാലു വർഷം മുമ്പ് വലിയമെത്രാപ്പൊലീത്ത ക്രിസോസ്റ്റം തിരുമേനിയുടെ മുന്നിൽ മാജിക് അവതരിപ്പിച്ചതിന്റെ മധുരസ്മരണയിലാണ് ഏഴാച്ചേരിയിലെ കൊച്ചുമാന്ത്രികൻ കണ്ണൻമോൻ. മാർ ക്രിസോസ്റ്റത്തിന്റെ നൂറാം പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി മാരാമൺ ഭദ്രാസനത്തിൽനിന്നുള്ള ക്ഷണമനുസരിച്ചാണ് കണ്ണൻമോൻ മാതാപിതാക്കൾക്കൊപ്പം വലിയതിരുമേനിയുടെ അരമനയിലെത്തിയത്.

മുന്നിലിരുന്ന വലിയ മെഴുകുതിരിയിലേക്ക് ക്രിസോസ്റ്റം തിരുമേനി ദീപം പകർന്നപ്പോൾ കണ്ണൻമോൻ കത്തിച്ച മെഴുകുതിരി പൂക്കുലയാക്കിമാറ്റിയപ്പോൾ വിസ്മയം കൊണ്ട് അദ്ദേഹം പൊട്ടിച്ചിരിച്ചു.

തുടർന്ന് ശൂന്യമായൊരു ഫോട്ടോെഫ്രയിം തിരുമേനിയുടെ നെഞ്ചോടു ചേർത്തുവെച്ചപ്പോൾ അങ്ങേയ്ക്ക് ഏറെ ഇഷ്ടമുള്ളയാളെ മനസ്സിൽ വിചാരിക്കാൻ മജീഷ്യൻ പറഞ്ഞു.

സെക്കന്റുകൾക്കുള്ളിൽ ഫ്രെയിം തിരികെയെടുത്തപ്പോൾ അതിൽ ക്രിസ്തുവിന്റെ മനോഹരചിത്രം.

ഏറെ സന്തോഷവാനായ വലിയമെത്രാപ്പൊലീത്ത കൊച്ചുമാന്ത്രികന്റെ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു.

വിസ്മയക്കാഴ്ചയൊരുക്കി തനിക്ക് നൂറാം പിറന്നാൾ ആശംസകൾ നേർന്ന മജീഷ്യൻ കണ്ണൻമോന് ഉപഹാരങ്ങളും പേരെഴുതി ഒപ്പിട്ട തന്റെ ആത്മകഥയും സമ്മാനിച്ചാണ് മാർ ക്രിസോസ്റ്റം മടക്കിഅയച്ചത്. കണ്ണൻമോൻ എന്ന എസ്.അഭിനവ് കൃഷ്ണ പാലാ ഏഴാച്ചേരി തുമ്പയിൽ സുനിൽകുമാർ-ശ്രീജ ദമ്പതിമാരുടെ മകനാണ്. രാമപുരം സെന്റ് അഗസ്റ്റ്യൻസ് ഹൈസ്‌ക്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ്.

അനുശോചിച്ചു

ഉഴവൂർ : കാലം ചെയ്ത മാർത്തോമ്മാ വലിയമെത്രാപ്പൊലീത്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന്റെ ദേഹവിയോഗത്തിൽ കെ.പി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ. ജോസഫ് വാഴയ്ക്കൻ, ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനം എന്നിവർ അനുശോചിച്ചു.