വൈക്കം : കുംഭാഷ്ടമിയോടനുബന്ധിച്ച് വെള്ളിയാഴ്ച വൈകീട്ട് നടന്ന വൈക്കത്തപ്പന്റെയും ഉദയനാപുരത്തപ്പന്റെയും കൂടി എഴുന്നള്ളിപ്പ് ഭക്തിനിർഭരമായി. വൈക്കം ക്ഷേത്രത്തിൽ ഒരുവട്ടം പ്രദക്ഷിണംവെച്ചശേഷം എഴുന്നള്ളിപ്പ് കള്ളാട്ടുശ്ശേരിയിലേക്ക് പുറപ്പെട്ടു.

കുംഭാഷ്ടമി ആഘോഷത്തിലെ പ്രധാന ചടങ്ങാണ് വൈക്കത്തപ്പൻ പുത്രസമേതനായി കിഴക്കോട്ട് എഴുന്നള്ളുന്നത്. വൈകീട്ട് അഞ്ചിന് ഉദയനാപുരത്തപ്പന്റെ എഴുന്നള്ളിപ്പ് വൈക്കം ക്ഷേത്രത്തിലെത്തിയ ശേഷമാണ് കൂടി എഴുന്നള്ളിപ്പ് നടന്നത്. വൈക്കത്തപ്പന്റെയും ഉദയനാപുരത്തപ്പന്റെയും സ്വർണക്കോലങ്ങൾ സർവവിധ അലങ്കാരങ്ങളോടെയാണ് എഴുന്നള്ളിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ലളിതമാക്കിയതിന്റെ ഭാഗമായി രണ്ട് അകമ്പടി ആനകളെ ഒഴിവാക്കി. അകമ്പടി ആനകൾ ഇല്ലാതെ പുറത്തേക്കുള്ള എഴുന്നള്ളിപ്പ് ഇത് ആദ്യമാണ്.

അഞ്ചുകിലോമീറ്റർ ദൈർഘ്യം വരുന്നതാണ് കള്ളാട്ടുശ്ശേരിയിലേക്കുള്ള എഴുന്നള്ളിപ്പ്‌.് റോഡിന്റെ ഇരുവശങ്ങളിലും പറ സമർപ്പിക്കുന്ന വഴിപാട് ഇക്കുറി ഒഴിവാക്കി. ക്ഷേത്രമതിൽക്കകത്ത് പ്രദക്ഷിണവഴിയുടെ ഇരുവശങ്ങളിലും മാത്രമാണ് പറ സമർപ്പണം അനുവദിച്ചത്. ആദ്യം വാഴമന കൊട്ടാരത്തിലും തുടർന്ന് കൂർക്കശ്ശേരിയിലും കള്ളാട്ടുശ്ശേരിയിലും ഇറക്കിപ്പൂജ നടത്തി.

മണ്ഡപത്തിൽ പീഠത്തിൽ വൈക്കത്തപ്പന്റെയും ഉദയനാപുരത്തപ്പന്റെയും സ്വർണക്കോലങ്ങൾ പൂജിച്ചപ്പോൾ ഭക്തർ ദർശനം നടത്തി. കുംഭാഷ്ടമിയും കിഴക്കോട്ട് എഴുന്നള്ളിപ്പും കള്ളാട്ടുശ്ശേരി കൂർക്കാശ്ശേരി വാഴമന മേഖലക്കാർ ഒരു ദേശത്തിന്റെ ഉത്സവമായാണ് ആഘോഷിച്ചിരുന്നത്. രാത്രി 10-ന് എഴുന്നള്ളിപ്പ് ക്ഷേത്രത്തിലെത്തിയപ്പോൾ അഷ്ടമിവിളക്ക് തെളിഞ്ഞു. തുടർന്ന് വലിയ കാണിക്കയും ഉദയനാപുരത്തപ്പന്റെ യാത്രയയപ്പും നടന്നു.