ഇരവിനല്ലൂർ : പനച്ചിക്കാട് അമ്പാട്ടുകടവ്-കാരോത്തുകടവ് റോഡ് നന്നാക്കാത്തതിൽ നാട്ടുകാരുടെ വാഴനട്ട്‌ പ്രതിഷേധം. വെള്ളക്കെട്ടും റോഡിലെ കുഴികളുംമൂലം വാഹന ഗതാഗതം ദുഷ്കരമായതോടെയാണ് ഓട്ടോറിക്ഷാ തൊഴിലാളികളും നാട്ടുകാരും പ്രതിഷേധത്തിനിറങ്ങിയത്.

പാടത്തിന് നടുവിലൂടെയുള്ള പി.ഡബ്ല്യു.ഡി. റോഡാണ് വർഷങ്ങളായി തകർന്നു കിടക്കുന്നത്. ഒരു മഴപെയ്താൽ തന്നെ റോഡിൽ വെള്ളംകയറി ഗതാഗതം തടസ്സപ്പെടും. ഇവിടെ അപകടങ്ങളും പതിവാണ്.

റോഡ് ഇളകി വെള്ളക്കെട്ടുണ്ടായ ഭാഗത്ത് വാഴകൾ നട്ട്‌ പ്രതിഷേധ മുദ്രാവാക്യം മുഴക്കി. അജി മണക്കാട്ട്, ഷിബു പാറയിൽകരോട്ട്, മഹേഷ്‌ ഇരവിനല്ലൂർ, ജോഷി കിഴക്കേടത്ത്, ഷാജി മേച്ചേരികാലായിൽ, ഗ്രാമപ്പഞ്ചായത്തംഗം വിഷ്ണു പ്രസാദ്, അശോകൻ ആറന്മുള കിഴക്കേതിൽ, സുരേഷ് തടത്തിൽ, അജി കെട്ടിടംപറമ്പിൽ, മനോജ് കാരോത്ത് തുടങ്ങിയവർ നേതൃത്വം നൽകി. ഇതു സംബന്ധിച്ച് ‘മാതൃഭൂമി’ കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു.