പാമ്പാടി : അതിഥിതൊഴിലാളികളുടെ താമസസ്ഥലത്തെ ശൗചാലയമാലിന്യം ജനവാസമേഖലയിലേക്ക് ഒഴുക്കിയതിനെ തുടർന്ന് രാത്രിയിൽ പ്രതിഷേധവുമായി നാട്ടുകാർ സംഘടിച്ചു. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് സ്ത്രീകളും കുട്ടികളുമടക്കം നാട്ടുകാർ പ്രതിഷേധവുമായെത്തിയത്.
പാമ്പാടി കുമ്പന്താനത്ത് പഞ്ചായത്ത് പണിയുന്ന ഓഡിറ്റോറിയത്തിന്റെ നിർമാണത്തിന് കരാറുകാരനെത്തിച്ച തൊഴിലാളികളുടെ താമസസ്ഥലത്തെ മാലിന്യമാണ് സമീപവാസികളുടെ കിണറുകളിലേക്ക് ഒഴുകിയെത്തിയത്. സമീപത്തെ കുടുംബക്ഷേമകേന്ദ്രത്തിന്റെ ഉപയോഗശൂന്യമായ ശൗചാലയത്തിന്റെ വാതിൽ തകർത്ത് ഇതരസംസ്ഥാന തൊഴിലാളികൾക്കായി കരാറുകാരൻ നൽകുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ശൗചാലയത്തിൽ നിന്നുള്ള മാലിന്യ പൈപ്പ് പ്ലാസ്റ്റിക്കിട്ട് മൂടിയ ടാർ വീപ്പയിലേക്ക് സംഭരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസത്തെ മഴയെ തുടർന്ന് ടാർവീപ്പ നിറഞ്ഞ് മാലിന്യം സമീപപുരയിടങ്ങളിലേക്ക് ഒഴുകിയെത്തി.
അസഹ്യമായ ദുർഗന്ധത്തെ തുടർന്ന് നാട്ടുകാർ രാത്രി പ്രതിഷേധവുമായി സംഘടിക്കുകയായിരുന്നു. വിവരമറിഞ്ഞ് പാമ്പാടി പോലീസും സ്ഥലത്തെത്തി. അറിയിച്ചിട്ടും പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്താതിരുന്നത് നാട്ടുകാരിൽ പ്രതിഷേധമുയർത്തി. വ്യാഴാഴ്ച പരിഹാരമുണ്ടാക്കാമെന്ന ഉറപ്പിൽ രാത്രി ഒമ്പതരയോടെ നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചു.