പാലാ : ലോക്‌ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ജനം ഏറ്റെടുത്തു, പാലായിൽ നാടും നഗരവും പൂർണമായി സ്തംഭിച്ചു. കോവിഡ് മഹാമാരി പടരുന്ന സാഹചര്യത്തിൽ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിച്ച് പൊതുജനം വീട്ടിലിരുന്നതോടെ ചൊവ്വാഴ്ച നഗരം ശൂന്യമായി. കടകൾ ഏറെയും അടഞ്ഞുകിടന്നു.

ചുരുക്കം ചില പച്ചക്കറി, പഴം, പലചരക്ക് വ്യാപാരകേന്ദ്രങ്ങൾ മാത്രമാണ് പ്രവർത്തിച്ചത്. മരുന്നുകടകളും പെട്രോൾ പമ്പുകളും പ്രവർത്തിച്ചു. കെ.എസ്.ആർ.ടി.സി. ചുരുക്കം സർവീസുകൾ മാത്രമാണ് നടത്തിയത്. നിരത്തിലിറങ്ങിയ ബസുകളിൽ രണ്ടോ മൂന്നോ ആളുകൾ മാത്രമായിരുന്നു യാത്രക്കാർ. അതേസമയം സ്വകാര്യ വാഹനങ്ങൾ യഥേഷ്ടം നിരത്തിലിറങ്ങി.

ഹോട്ടലുകളും പ്രവർത്തിച്ചില്ല. പാഴ്‌സൽ സൗകര്യത്തിന് തടസ്സമില്ലെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും പാലായിൽ ഭക്ഷണശാലകൾ ഏറെയും അടഞ്ഞുകിടന്നു. ബാങ്കുകൾ ഉച്ചയ്ക്ക് ഒന്നുവരെ പ്രവർത്തിച്ചു. ഒരേസമയം മൂന്ന് ആളുകളെ മാത്രമാണ് ബാങ്കിനുള്ളിലേക്ക് പ്രവേശിപ്പിച്ചത്.

ഇത് ബാങ്കുകൾക്ക് മുന്നിൽ വലിയ ക്യൂ ഉണ്ടാകാൻ ഇടയാക്കി. സർക്കാർ ഓഫീസുകളും കെ.എസ്‌.ഇ.ബി., കെ.എസ്.എഫ്‌.ഇ. സ്ഥാപനങ്ങൾ ജീവനക്കാരെ പരിമിതപ്പെടുത്തി പ്രവർത്തിച്ചു.

എന്നാൽ, പലയിടത്തും പൊതുജനത്തിന് പ്രവേശനം നിഷേധിച്ചിരുന്നു. സ്വകാര്യ സ്ഥാപനങ്ങളുടെ ഓഫീസുകളും ധനകാര്യസ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ചിലത് ഉച്ചവരെ പ്രവർത്തിച്ചു. പൈകയിലും രാമപുരത്തും വ്യാപാരസ്ഥാപനങ്ങൾ ഭാഗികമായി പ്രവർത്തിച്ചു. പൊതുജനം ഏറെക്കുറെ വീട്ടിലിരുന്നു. എന്നാൽ, പരിശോധകൾ കർശനമായില്ലെന്ന് ആക്ഷേപമുണ്ട്. കടകൾക്ക് മുമ്പിലും പൊതുസ്ഥലങ്ങളിലും ആളുകൾ കൂട്ടംകൂടുന്ന സാഹചര്യം ഉണ്ടായിരുന്നു. കൊല്ലപ്പള്ളി, ഭരണങ്ങാനം, ചേർപ്പുങ്കൽ, കിടങ്ങൂർ ടൗണുകളിലും നിയന്ത്രണം കർശനമായി പാലിച്ച് ജനം വീട്ടിലിരുന്നു.