കോട്ടയം : നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ച പരാജയമായതിനെ തുടർന്ന് കർഷകർ രാപകൽ സമരം തുടങ്ങി. കോട്ടയത്ത് സപ്ലൈകോ ഓഫീസിനു മുൻപിൽ നെൽച്ചാക്കുകൾ നിരത്തിവച്ചാണ് കർഷകർ സമരം നടത്തുന്നത്. മില്ലുടമകൾ കിഴിവ് വർധിപ്പിച്ചതിനെ തുടർന്ന് കൊയ്തെടുത്ത നെല്ല് കർഷകർക്ക് വിൽക്കാനായിട്ടില്ല.ഒരു ക്വിൻറലിന്‌ മൂന്ന് കിലോ വരെ കിഴിവ് നൽകാമെന്ന് കർഷകർ പറഞ്ഞിട്ടും മില്ലുകൾ നെല്ലെടുക്കാൻ തയ്യാറായിട്ടില്ല. ഏഴു കിലോ കിഴിവാണ്‌ മില്ലുടമകൾ ആവശ്യപ്പെടുന്നതെന്ന്‌ കർഷകർ പറയുന്നു. മഴ വന്നാൽ പാടത്ത് കൂട്ടിയിട്ടിരിക്കുന്ന നെല്ല് നശിക്കും. അതുകൊണ്ട് കർഷകരെ സമ്മർദത്തിലാക്കി ചൂഷണം ചെയ്യാനാണ് ഇടനിലക്കാരുടെ ശ്രമം. നെല്ല് സംഭരണത്തിൽ ഇടപെടേണ്ട അധികൃതർ മില്ലുടമകളുമായി ഒത്തു കളിക്കുകയാണെന്ന് കർഷകർ ആരോപിക്കുന്നു.

നെല്ല് സംഭരിക്കണമെന്നാവശ്യപ്പെട്ട് അപ്പർ കുട്ടനാട് കാർഷിക വികസന സമിതി പാഡി ഓഫീസറെ ഉപരോധിച്ചിരുന്നു അധികൃതർ ഇടപെട്ട് ചർച്ച നടത്തി പ്രശ്നം പരിഹരിക്കാമെന്ന അധികൃതരുടെ ഉറപ്പിനെ തുടർന്നാണ് അന്ന് കർഷകർ സമരത്തിൽനിന്ന് പിൻമാറിയത്. ഇടനിലക്കാരുടെ സമ്മർദ തന്ത്രത്തിന് മുൻപിൽ വഴങ്ങില്ലെന്നും നെല്ലിന്റെ ഗുണനിലവാരത്തിലുള്ള ഏറ്റക്കുറച്ചിലിന്റെ ബാധ്യത സർക്കാർ ഏറ്റെടുക്കണമെന്നും സമരസമിതി പ്രസിഡന്റ് എം. കെ.ദിലീപ് ആവശ്യപ്പെട്ടു.

കർഷക വികസന സമിതി രക്ഷാധികാരി മോഹൻ സി.ചതുരച്ചിറ സമരം ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ., കോൺഗ്രസ ്‌നേതാക്കളായ ലതികാ സുഭാഷ്‌, ജി ഗോപകുമാർ, നാട്ടകം സുരേഷ്‌, കുഞ്ഞ്‌ ഇല്ലംപള്ളി, കർഷകസംഘം ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്‌ണൻ, പ്രൊഫ. റോസമ്മ സോണി എബി ഐപ്പ്‌ തുടങ്ങിയവർ പ്രസംഗിച്ചു. നെല്ല്‌ സംഭരിക്കുന്നത് വരെ സമരം തുടരാനാണ് കർഷകരുടെ തീരുമാനം.

കൊയ്‌ത്ത്‌ കഴിഞ്ഞിട്ട്‌ 20 ദിവസം

നീണ്ടൂർ, ആർപ്പൂക്കര കൃഷിഭവനുകളുടെ കീഴിൽ 1400 പാടശേഖരങ്ങളിലായി കൊയ്‌തെടുത്ത നെല്ല്‌ കെട്ടിക്കിടക്കുകയാണ്‌. 20 ദിവസമായി നെല്ല്‌ കെട്ടിക്കിടക്കുന്നു.