കുറവിലങ്ങാട് : കുടുംബയോഗങ്ങളുമായി മുന്നണികൾ പ്രചാരണരംഗത്ത് മുന്നേറുന്നു. യു.ഡി.എഫും എൽ.ഡി.എഫും എൻ.ഡി.എ.യുമാണ് ത്രിതല പഞ്ചായത്തുകളിൽ മത്സരിക്കുന്ന സ്ഥാനാർഥികൾക്കായി കുടുംബയോഗങ്ങൾ നടത്തുന്നത്.
ഏഴും എട്ടും കുടുംബങ്ങളിലെ അംഗങ്ങളെ ഒരു പ്രവർത്തകന്റെ വീട്ടിൽ വിളിച്ചുകൂട്ടിയാണ് യോഗങ്ങൾ. നേട്ടങ്ങളും കോട്ടങ്ങളും നേതാക്കൾ വിശദീകരിക്കും. മുന്നണികൾ നേരിടുന്ന ആരോപണങ്ങൾക്കും മറുപടിയുണ്ട്. വോട്ടർമാരുടെ ചോദ്യങ്ങൾക്ക് നേതാക്കൾ മറുപടി നൽകും. സ്ഥാനാർഥികളെ വിജയിപ്പിക്കാൻ അഭ്യർഥിച്ചാണ് മടക്കം. ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളും യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ആരവങ്ങളില്ലെങ്കിലും ആവേശം ചോരാതെയാണ് പ്രചാരണം. കോവിഡിന്റെ പശ്ചാത്തലത്തിൽ കൂട്ടത്തോടെയുള്ള വീടുകയറ്റം കാര്യമായില്ല. എങ്കിലും ഭവനസന്ദർശനം പലതവണ നടത്തി വോട്ടുറപ്പിക്കുകയാണ് ഗ്രാമപ്പഞ്ചായത്തുകളിലെ സ്ഥാനാർഥികൾ. അഞ്ചും ആറും തവണ സന്ദർശനം നടത്തിയവരുണ്ട്. ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികൾക്കായും വാർഡുകളിൽ മത്സരിക്കുന്നവരാണ് വോട്ടുതേടുന്നത്. റിബൽ സാന്നിധ്യം പ്രകടമാക്കിയ വാർഡുകളിലെ ചില സ്ഥാനാർഥികൾ തങ്ങളും മുന്നണിയുടെ ഭാഗമാണെന്ന് വരുത്താനായി ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികൾക്കായി വോട്ടുതേടുന്നുണ്ട്.